അടൂർ: പറക്കോട്ടെ വീട്ടിൽ പാന്പു പിടിത്തക്കാരൻ സുരേഷിനെയും കൂട്ടിയാണ് വീട്ടുകാരുടെ മുന്പിൽ സൂരജ് പാന്പ് പ്രദർശനവും ഇവയെ മെരുക്കാനുള്ള തന്ത്രങ്ങളും പഠിപ്പിച്ചതെന്ന് വനംവകുപ്പിനു മുന്പിൽ മൊഴി.
പാന്പിനെ എടുക്കാനും പിടിക്കാനും വീട്ടിലുള്ളവരെ പരിശീലിപ്പിച്ചിരുന്നു. ഉത്രയെ പാന്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരി 25 ന് അണലിയുമായി വീട്ടിലെത്തിയ സുരേഷിന്റെ സഹായത്തോടെയായിരുന്നു പരിശീലനം.
സുരേഷ് കുടുംബാംഗങ്ങളുടെ മുന്പിൽ പാന്പിനെ പ്രദർശിപ്പിച്ച് ബോധവത്കരണം നടത്തി. വിഷമില്ലാത്ത മറ്റൊരു പാന്പിനെയാണ് ഇതിനായി ഉപയോഗിച്ചത്. പിന്നീട് അണലിയെ കാട്ടുകയും ചെയ്തു.
ഇതേ അണലിയെ സൂരജ് സുരേഷിന്റെ പക്കൽ നിന്നു വാങ്ങുകയായിരുന്നു. സൂരജ് ഇതിനെ വീടിനു പുറത്തെ വിറകുപുരയിൽ ഒളിപ്പിച്ചു. വിഷമില്ലാത്ത പാന്പിനെ പരിശീലനത്തിനുശേഷം വഴിയിൽ ഉപേക്ഷിച്ചതായി സുരേഷും സമ്മതിച്ചിട്ടുണ്ട്.
രണ്ടുതവണ അണലിയെ വീട്ടിൽ ഉത്രയെ കടിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അന്വേഷണത്തിലും കണ്ടെത്തി. ആദ്യം വീടിനുള്ളിൽ സ്റ്റെയർ കേസിൽ പാന്പിനെ ഇട്ടത് ഉത്രയെ കടിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു.
എന്നാൽ ഉത്ര നിലവിളിച്ചോടിയതോടെ സൂരജ് ഇതിനെ എടുത്ത് ചാക്കിലാക്കി പറന്പിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതേ ചാക്ക് തിരികെയെടുത്ത് സൂരജ് സൂക്ഷിച്ചു. മാർച്ച് രണ്ടിന് ഇതേ പാന്പിനെ മുറ്റത്ത് ഇട്ട് ഉത്രയെ കടിപ്പിച്ചു.
ഇതിൽ വീട്ടിലെ മറ്റാർക്കെങ്കിലും പങ്കില്ലെന്ന് സൂരജ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചതായി പറയുന്നു. ഇതിനിടെ പാന്പുപിടിത്തക്കാരൻ സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നുണ്ട്.