പത്തനംതിട്ട: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പെണ്‍കുട്ടിയെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഓഫീസറെന്നു നടിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ആളെക്കുറിച്ച് വിശദമായ അന്വേഷണത്തിനു പോലീസ്. തിരുവനന്തപുരം മലയൻകീഴ് പെരിങ്കാവ് കൊന്നക്കോട് കേശവവിലാസം വീട്ടിൽ സൂരജാണ് ( 21) പിടിയിലായത്.ഇയാൾ തിരിച്ചറിയൽകാർഡും കത്തുകളും തയാറാക്കിയിരിക്കുന്നത് സ്വന്തം ലാപ്ടോപ്പിൽ നിന്നുതന്നെയെന്നും കണ്ടെത്തി.
ഇയാൾ വിവാഹം കഴിച്ച റാന്നി വെച്ചൂച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക്ക്കെതിരേ അയൽവാസി വനിതാ പോലീസിനു നൽകിയ പരാതിയുടെ അന്വേഷണത്തിനെത്തിയ പത്തനംതിട്ട വനിത പോലീസ് സിഐ ഉദയമ്മ സൂരജിനെതിരെ പത്തനംതിട്ട പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.അയൽവാസിയുടെ പരാതി അന്വേഷിക്കാൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയുടെ മൊഴിയെടുത്തുകൊണ്ടിരിക്കെ മരുമകൻ ഇന്റലിജൻസ് ഓഫീസറാണെന്നു പറഞ്ഞു.
കാണണമെന്ന് വനിതാ സിഐ ആവശ്യപ്പെട്ടപ്പോൾ മുറിക്കുളളിൽ നിന്ന് സൂരജ് ഇറങ്ങി വന്നു. കേന്ദ്ര രഹസ്യാനേഷണ വിഭാഗം സ്പെഷൽ ഓഫീസർ എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ ചിഹ്നമുളള തിരിച്ചറിയൽ കാർഡ് സിഐയെ ഇയാൾ കാണിച്ചു. സിഐ കൂടുതൽ വിവരങ്ങൾ തിരക്കുന്നതിനിടെ സൂരജ് പരുങ്ങിയത് സംശയത്തിനിടയാക്കി.
വനിതാ സിഐ പത്തനംതിട്ട പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സൂരജിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്റ്റേഷനിൽ എസ്ഐ യു. ബിജുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ ഇയാളിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോ ഓഫീസറെന്ന പേരിലുളള രണ്ട് തിരിച്ചറിയൽ കാർഡുകളും ഒരു സസ്പെഷൻ ഉത്തരവും ലഭിച്ചു. തിരിച്ചറിയൽ കാർഡുകൾ പോലീസ് സ്പെഷൽ ബ്രാഞ്ച് വഴി കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിന് അയച്ചുകൊടുത്തപ്പോഴാണ് വ്യാജനാണെന്നു വ്യക്തമായത്.
വകുപ്പുതല നടപടിയുമായി താൻ ഒരാഴ്ചയായി സസ്പെൻഷനിലാണെന്നാണ് ഇയാൾ പെണ്‍കുട്ടിയോട് പറഞ്ഞിരിക്കുന്നത്.ഇന്നലെ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തിരിച്ചറിയൽ കാർഡ് സ്വയം ഉണ്ടാക്കിയതാണെന്ന് ഇയാൾ പറഞ്ഞു. കാർഡ് തയ്യാറാക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് വീട്ടിൽ നിന്ന് പിടിച്ചെടുത്തു.ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫോസ്ബുക്ക് വഴി പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്.
കഴിഞ്ഞ മേയ് എട്ടിന് കോട്ടയത്തു വിവാഹതിരായി താൻ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. ജോലിക്കെന്നു പറഞ്ഞ് പുറത്തു പോയ ശേഷം മണിക്കൂറുകൾക്കുളളിൽ തിരിച്ചെത്തിയിരുന്നതിൽ സംശയമുണ്ടായ പെണ്‍കുട്ടി വിവരങ്ങൾ തിരക്കിയപ്പോഴാണ് സസ്പെൻഷൻ ഉത്തരവ് കാണിച്ചത്. ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് കൈവശമുളള സൂരജ് പ്രമുഖ കന്പനിക്കുവേണ്ടി എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ജോലി ചെയ്തു വരികയായിരുന്നു.