കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു മുന്പു പല നടിമാരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ഇപ്പോൾ തനിക്കു നേരിട്ട അനുഭവത്തെക്കുറിച്ചു തുറന്നു പറയുക യാണ് നടിയും മോഡലുമായ സൂര്യ ജെ. മേനോൻ.
സൂര്യ നേരത്തെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു.
ഒരു ടെലിവിഷൻ പരിപാടിയിലാണ് സിനിമ സെറ്റിൽ നിന്നു തനിക്കു ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂര്യ പറഞ്ഞത്.എനിക്കു കുറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എനിക്കു സംഭവിച്ചത് എല്ലാവർക്കും സംഭവിക്കണം എന്നില്ല. എന്നെ ചിലർ അങ്ങനെ അപ്രോച്ച് ചെയ്തിട്ടുണ്ട്. ഞാൻ ഒരു സിനിമ ചെയ്യാൻ പോയി.
അതിൽ രണ്ടു നായികമാർ ആയിരുന്നു. ഞാൻ ആദ്യം ചെന്നപ്പോൾ ഒരു ഫോർ സ്റ്റാർ ഹോട്ടലിലാണു താമസം ഒരുക്കിയിരുന്നത്. അന്നു രാത്രിയായപ്പോൾ ഡയറക്ടർ എന്നോട് സൂര്യ ഒന്ന് റൂമിലേക്കു വരണമെന്നു പറഞ്ഞു.
സ്ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങൾ ഡിസ്കസ് ചെയ്യണം എന്നു പറഞ്ഞു. ഞാൻ എന്റെ അമ്മയെയും കൂട്ടിയാണു ചെന്നത്. അവിടെ ചെന്നപ്പോൾ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് അത്തറൊക്കെ പൂശി റൂമിൽ നിൽക്കുകയായിരുന്നു.
ഞാൻ സൂര്യയെ ഒറ്റയ്ക്കല്ലേ വിളിച്ചത്, അമ്മ എന്തിനാ കൂടെ വന്നതെന്ന് അയാൾ ചോദിച്ചു. അമ്മ വന്നതിന് എന്താണു കുഴപ്പമെന്ന് ഞാൻ ചോദിച്ചു.
അപ്പോൾ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം എന്നു പറഞ്ഞു തിരികെ വിട്ടു. അപ്പോഴേക്കും ഞങ്ങൾക്കു കാര്യം മനസിലായി. അമ്മയ്ക്കു വലിയ ടെൻഷൻ ആയി. മോളെ നമുക്കു പോകാം എന്നു പറഞ്ഞു.
പിറ്റേ ദിവസം ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ പുള്ളി വളരെ ഹാർഷ് ആയിട്ടായിരുന്നു പെരുമാറിയത്. എന്റെ ടേക്ക് ഒന്നും ശരിയാവുന്നില്ല എന്നു പറഞ്ഞു കൊണ്ടയിരുന്നു.
അന്നു രാത്രി എന്നെ ഒരു തേർഡ് ക്ലാസ് ലോഡ്ജിലേക്ക് മാറ്റി. ഒരാഴ്ചത്തെ ഷൂട്ട് കഴിഞ്ഞു. നായികയാണെന്നാണു പറഞ്ഞിരുന്നത്. ഒരു ദിവസം പുള്ളി പറഞ്ഞു , ഒരു പാട്ട് സീൻ കൂടിയുണ്ട്.
സൂര്യ വീട്ടിലേക്ക് പൊയ്ക്കോളൂ വിളിക്കാമെന്ന്. ഒരു രൂപ പോലും തന്നിട്ടില്ലായിരുന്നു. അങ്ങനെ വീട്ടിൽ പോയി. അപ്പോൾ തന്നെ ഞാൻ അമ്മയോടു പറഞ്ഞു ഇനി തിരിച്ചു വിളിക്കാൻ ഒന്നും പോകുന്നില്ലെന്ന്.
അങ്ങനെ പടം റിലീസായി. അവർ എന്റെ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. ഒരു ആൾക്കൂട്ടത്തിനിടെ നിൽക്കുന്ന ഒരു സീൻ മാത്രമാണ് ഞാൻ ഉണ്ടായിരുന്നത് – സൂര്യ പറഞ്ഞു.