ഗുരുവായൂർ: ആറരപ്പതിറ്റാണ്ടോളം ഗുരുവായൂരപ്പനുമുന്നിൽ ഭക്തിയോടെ ഗുരുവായൂരപ്പ വർണനകൾ ആലപിച്ച സോപാന സംഗീത ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടി (90) അന്തരിച്ചു. ഇന്നു പുലർച്ചെ 12.20ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പത്തുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ആറരപതിറ്റാണ്ടായി സോപാന സംഗീതം ആലപിച്ചിരുന്നത് ജനാർദ്ദനൻ നെടുങ്ങാടിയായിരുന്നു. 1985 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും പിന്നീടും ജനാർദ്ദനൻ നെടുങ്ങാടി തന്നെയായിരുന്നു ഗുരുവായൂരപ്പന്റെ മുന്നിൽ സംഗീതാർച്ചന നടത്തിവന്നിരുന്നത്. സോപാന സംഗീതത്തിൽ ഗുരുവായൂർ പാണി ശൈലിയാണ് തുടർന്നുവന്നിരുന്നത്.
ഒരു നൂറ്റാണ്ട് മുന്പ് ജനാർദ്ദനൻ നെടുങ്ങാടിയുടെ മുത്തച്ഛൻ കുട്ടൻ നെടുങ്ങാടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സോപാന സംഗീതം അവതരിപ്പിക്കാൻ സാമൂതിരി നിയമിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം ജനാർദ്ദനൻ നെടുങ്ങാടിയുടെ പിതാവ് അനുജൻ തിരുമുൽപ്പാട് 38 വർഷം ഗുരുവായൂരപ്പനെ സേവിച്ചു. പിന്നീടാണ് ജനാർദ്ദനൻ നെടുങ്ങാടി കൊട്ടിപ്പാടി സേവ തുടങ്ങിയത്.
മറ്റു ശൈലികളിൽ നിന്ന് വ്യത്യസ്തമായി പതികാലത്തിൽ ഭക്തിക്കും ശൃംഗാരത്തിനും പ്രാധാന്യം നൽകുന്ന ആലാപന രീതിയിലായിരുന്നു സേവ നടത്തിയിരുന്നത്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ജനാർദ്ദനൻ നെടുങ്ങാടിക്ക് ലഭിച്ചിട്ടുണ്ട്.
പരേതയായ പത്മിനി അമ്മയാണ് ഭാര്യ. ഗുരുവായൂർ ദേവസ്വത്തിലെ റിട്ട. ജീവനക്കാരൻ ഉണ്ണികൃഷ്ണൻ, വാസുദേവൻ, തുളസി, രാധിക എന്നിവർ മക്കളാണ്. ശശികുമാർ, പരേതനായ മുരളീധരൻ എന്നിവരാണ് മരുമക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ നടക്കും. ു