വടക്കഞ്ചേരി: കലയോടും സംഗീതത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശം വീട്ടമ്മമാരെ ഒന്നിപ്പിച്ചപ്പോൾ അത് പുതിയ പരീക്ഷണ വിജയമായി. പാലക്കാട് മൂത്താൻതറയിലെ പ്രിയ സുകുമാരൻ, വസന്ത സുബ്രഹ്്ണ്യൻ, ശ്രീജ ഗോപി, ശശികല ശിവൻ, ഗീത അച്യുതൻ എന്നിവരാണ് സോപാനസംഗീതത്തെ പുതിയ വഴിയിലൂടെ നയിച്ച് ശ്രദ്ധേയരാകുന്നത്.
സോപാനസംഗീതം പാടുന്നത് ഇതുവരെ ഒരാൾ മാത്രമായിട്ടായിരുന്നു. സ്കൂൾ യുവജനോത്സവത്തിലായാലും ഒറ്റയ്ക്കാണ് അഷ്ടപദി അവതരിപ്പിക്കുക. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി അഞ്ചുപേർ ചേർന്ന് അതും പ്രായഭേദങ്ങളുടെ വൈവിധ്യത്തിൽ ഇവർ സോപാനസംഗീതം അവതരിപ്പിച്ചു സംഗീതപ്രേമികളുടെ മനംകവരുകയാണ്.
ഗുരുവായൂർ ജ്യോതിദാസന്റെ ശിക്ഷണത്തിലായിരുന്നു സോപാന സംഗീതപഠനം. ഇതിനു പ്രചോദനമായത് പ്രശസ്ത ഇടയ്ക്ക വിദ്വാൻ ഡോ. പഴന്പാലക്കോട് പ്രകാശനാണെന്നു ഗ്രൂപ്പ് ലീഡർ പ്രിയ സുകുമാരൻ പറഞ്ഞു.മഹാഗുരുക്ക·ാരെ ചുവടുപിടിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കുന്ന പ്രിയ സുകുമാരൻ കഥകളി അവതരണത്തിലും ശ്രദ്ധേയയാണ്.
സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ പങ്കെടുക്കാൻ പഠിച്ച കഥകളിയുടെയും അഷ്ടപദിയുടെയും ഓർമകൾ വിളക്കിയെടുത്താണ് ഇടവേളയ്ക്കുശേഷം അമ്മമാരും മുത്തശിമാരുമൊക്കെയായ ഇവർ കലയുടെയും സംഗീതത്തിന്റെയും ലോകത്തേക്ക് വീണ്ടുമെത്തുന്നത്.വീട്ടുജോലികളെല്ലാം കഴിഞ്ഞ് രാവിലെ 11-നാണ് മിക്കദിവസങ്ങളിലും പ്രാക്ടീസ് നടത്തുക. എല്ലാവരുടെയും വീടുകൾ അടുത്തടുത്തായതിനാൽ ഒഴിവുസമയം കണ്ടെത്തി പരിപാടികൾ ചിട്ടപ്പെടുത്തും.
സ്ത്രീകൾ ഇടയ്ക്കകൊട്ടി സോപാനസംഗീതം പാടുന്നതിനാൽ തുടക്കത്തിലെല്ലാം ചെറിയ എതിർപ്പുകൾ ഉയർന്നെങ്കിലും സംഗീത പെരുമഴയിൽ എതിർപ്പുകൾ കൈയടികളും പ്രോത്സാഹനങ്ങളുമായി മാറി. ഇത് സംഗീതത്തെയും കലകളെയും കൂടുതൽ അടുത്തറിയാനും മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാനും കഴിഞ്ഞെന്ന് ഇവർ പറയുന്നു.
ഇപ്പോൾതന്നെ ഈ വീട്ടമ്മമാർക്ക് വിശ്രമിക്കാൻ സമയമില്ല. നാലിടത്ത് ബുക്കിംഗുണ്ട്. ഓരോ പരിപാടിയും ഏറ്റവും മെച്ചപ്പെട്ടതാകണമെന്നതാണ് ഇവരുടെ താത്പര്യവും അതിനുവേണ്ട പരിശ്രമങ്ങളും നടത്തുന്നതും.