ഗുരുവായൂർ:കണ്ണന്റെ തിരുമുറ്റത്ത് 12 മണിക്കൂർ സോപാന സംഗീതയജ്ഞം നടത്തി ലോക റെക്കോർഡിടാൻ ജ്യോതിദാസ് ഗുരുവായൂർ.ശനിയാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ക്ഷേത്രനടയിലെ വൈജയന്തി ഹാളിലാണ് യജ്ഞമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒരേ സമയം ഇടയ്ക്ക കൊട്ടിയും പാടിയുമുള്ള സംഗീതയജ്ഞം ഇതുവരേയും ലോകറെക്കോർഡിലിടം പിടിച്ചിട്ടില്ലെന്ന് സംഘാടകർ അവകാശപ്പെട്ടു. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയം അധ്യാപകനായതിനാൽ ദേവസ്വത്തിന്റെ പിന്തുണയും പരിപാടിക്കുണ്ട്.
സോപാന സംഗീതഗുരുകാരണവർ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യനാണ് ജ്യോതിദാസ്. ശനിയാഴ്ച രാവിലെ ആറരയ്ക്ക് ഭദ്രദീപം തെളിയിച്ചശേഷം ഗുരുദക്ഷിണ സമർപ്പിച്ച് യജ്ഞം ആരംഭിക്കും.യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ പ്രതിനിധികളും നിരീക്ഷകരായി സോപാന സംഗീത ഗുരുക്കൻമാരായ അന്പലപ്പുഴ വിജയകുമാർ,രാകേഷ് കമ്മത്ത് എന്നിവരും ഉണ്ടാകും.
പത്രസമ്മേളനത്തിൽ ശശി വാറണാട്ട്,മുരളി പൈക്കാട്ട്, ഇ.രാജു,ബാലൻ വാറണാട്ട്,വേണുഗോപാൽ പാഴൂർ,ടി.യു.വിബീഷ് എന്നിവർ പങ്കെടുത്തു.