പ്രത്യേക ലേഖകന്‍
മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊല്ലപ്പെടുത്തിയെന്ന കേസ് മെല്‍ബണ്‍ കോടതി തിങ്കളാഴ്ച്ച പരിഗണനയ്‌ക്കെടുത്തു. ആദ്യ ദിവസം സാമിന്റെ കൊലയാളികളെന്ന് പോലീസ് കണ്ടെത്തിയ ഭാര്യ സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനനെയും വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരുന്നു വിചാരണ ചെയ്തത്. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഭാഗമായ കൌണ്ടി കോടതിയിലെ നാലാം നമ്പര്‍ കോടതി മുറിയിലായിരുന്നു സാം വധക്കേസ്. രാവിലെ തന്നെ കേസ് പരിഗണനയ്ക്കു വന്നു. പ്രതികളുടെ അഭിഭാഷകരുടെ വാദമായിരുന്നു ആദ്യഘട്ടത്തില്‍. വലിയ മാധ്യമശ്രദ്ധ കിട്ടിയ കേസായിരുന്നതിനാല്‍ നിരവധി മാധ്യമപ്രവര്‍ത്തകരും കോടതിയിലെത്തിയിരുന്നു. സോഫിയയുടെ സഹോദരി മാത്രമായിരുന്നു പ്രതികളുടെ ബന്ധുവായി കോടതിയിലുണ്ടായിരുന്നത്. ഇവരാകട്ടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായതുമില്ല.
വിചാരണ തുടങ്ങിയതോടെ സോഫിയയെ വിചാരണ കോടതിയിലെ സ്ക്രീനില്‍ കാണിച്ചു. വെളുത്തനിറത്തിലുള്ള വസ്ത്രത്തിനു മുകളില്‍ കറുത്ത കോട്ടുമായിരുന്നു സോഫിയയുടെ വേഷം. ദു:ഖം തങ്ങിനില്‍ക്കുന്ന മുഖവുമായാണ് അവര്‍ കോടതി നടപടികളില്‍ പങ്കെടുത്തത്. തുടക്കം മുതല്‍ വിതുമ്പുന്നുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് അഭിവാദ്യം ചെയ്തപ്പോള്‍ തൊണ്ടയിടറി കൊണ്ടായിരുന്നു സോഫിയയുടെ മറുപടി. വാദം നടക്കുന്ന സമയത്ത് വീഡിയോ നടപടികള്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു സോഫിയ. ഇടയ്ക്കു പല തവണ കൈയുയര്‍ത്തി കണ്ണീര്‍ തുടയ്ക്കുകയും വിതുമ്പുകയും ചെയ്തു. പത്തു മിനിട്ടിനു ശേഷമാണ് അരുണിനെ വീഡിയോ ലിങ്കിലൂടെ ഹാജരാക്കിയത്. വെളുത്ത ടീഷര്‍ട്ട് ധരിച്ചെത്തിയ അരുണ്‍ ശാന്തനായിട്ടാണ് വിഡിയോയില്‍ കണ്ടത്. ശാന്തമായി തന്നെ കോടതിയോട് സംസാരിക്കുകുയം ചെയ്തു.
സാധാരണ മരണമായി അവസാനിക്കേണ്ടിയിരുന്ന സാമിന്റെ കൊലപാതകത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിലൂടെയായിരുന്നുവെന്ന് ആദ്യ ദിനത്തിലെ കോടതിയിലെ വാദങ്ങള്‍ അടിവരയിടുന്നു. സോഫിയും അരുണും തമ്മിലുള്ള ആറായിരത്തോളം ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ചോര്‍ത്തിയിരുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നൂറുമണിക്കൂറിലേറെയുള്ള സംഭാഷണങ്ങള്‍ ഇതിലുണ്ട്. ഇതിനു പുറമെ ഡിറ്റക്ടീവ് ഉദ്യോഗസ്ഥര്‍ വ്യാജ വേഷങ്ങളില്‍ ഇവരെ സമീപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. അതേസമയം, സോഫിയും അരുണും തമ്മിലുള്ള സംഭാഷണങ്ങളുടെയും രഹസ്യമായി ശേഖരിച്ച മറ്റു വിവരങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി നല്‍കാന്‍ പ്രോസിക്യൂഷന്‍ കാലതാമസം വരുത്തുന്നതിനെ കോടതി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല എന്നാണ് കോടതി പറഞ്ഞത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.