തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരു വിധ പാളിച്ചയ്ക്കും ഇടനൽകാതെ നമുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് അത്തം.
ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് നമ്മൾ മലയാളികൾ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേൽക്കാം. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ.
മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/PinarayiVijayan/posts/3306884202736720