കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ച സ്ഥാപനത്തിനുള്ളില്‍ ഉടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. നല്ലളം കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തെ അത്തിക്കല്‍ വീട്ടില്‍ സ്വരൂപ് കുമാറിന്റെ (52) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ കണ്ടെത്തിയത്. ബന്ധുക്കളില്‍ നിന്നും മറ്റും ഇതിനകം വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി ഇന്ന് മൊഴി രേഖപ്പെടുത്തും.നല്ലളം പോലീസ് സ്റ്റേഷന് സമീപത്തെ പയനിയര്‍ കോംപൗണ്ട് റോഡില്‍ സുറുമി കോംപ്ലക്സില്‍ കണ്ണന് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലാണ് അഗ്നിബാധയുണ്ടായത്. സ്വരൂപ്കുമാറിന്റെ ഭാര്യയുടെ പേരിലുള്ളതാണ് സ്ഥാപനം. സ്ഥാപനം നടത്തുന്നത് സ്വരൂപായിരുന്നു. തീപടരുന്നത് കണ്ട് റോഡിലൂടെ പോയ വാഹനയാത്രിക്കാര് മീഞ്ചന്ത ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സെത്തി തീയണച്ചു.
തീപിടിത്തകാരണം സംബന്ധിച്ച് പരിശോധന നടത്തവേയാണ് കത്തിക്കരിഞ്ഞ വസ്തുക്കളില്‍ രക്തം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് പരിശോധിക്കവേ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം നല്ലളം പോലീസില്‍ അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് വെളിച്ചക്കുറവുള്ളതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്ത്തീകരിക്കാനാവത്തതെ സ്ഥലം സീല്‍ചെയ്തു. ഇന്നലെ രാവിലെ വീണ്ടുമെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
വിവാഹിതനായ സ്വരൂപും അമ്മയും മാത്രമാണിപ്പോള്‍ വീട്ടില്‍ താമസിക്കുന്നത്. ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സ്വരൂപ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്ഥാപനം ഉള്ളില്‍നിന്ന് പൂട്ടിയിരുന്നതായാണ് ഫയര്‍ഫോഴ്സ് പറയുന്നത്. എന്നാല്‍ മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പരിശോധിക്കും. നല്ലളം ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ്കുമാറാണ് കേസ് അന്വേഷിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിനാണിപ്പോള് കേസെടുത്തത്.