നടി സ്നേഹയോട് വേലൈക്കാരൻ സിനിമയുടെ സംവിധായകൻ മോഹന്‍രാജ മാപ്പ് പറഞ്ഞു. വേലൈക്കാരൻ കണ്ടിറങ്ങിയ സ്നേഹ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലെ നിരവധി രംഗങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു.
അങ്ങനെ ചുരുങ്ങിയപ്പോൾ സ്നേഹയുടെ കഥാപാത്രം ചിത്രത്തിൽ അഞ്ച് മിനിറ്റിലേക്ക് ചുരുങ്ങി. ഇതിനു വേണ്ടി ആയിരുന്നോ താൻ 18 ദിവസം ഷൂട്ടിംഗിന് വന്നതും ചിത്രത്തിനായി ഏഴു കിലോയോളം തൂക്കം കുറയ്ക്കുകയും ചെയ്തതെന്ന് താരം ചോദിച്ചിരുന്നു. അതിന് മറുപടിയുമായാണ് സംവിധായകൻ മോഹൻരാജ് രംഗത്തെത്തിയത്. താന്‍ മനഃപൂർവം വെട്ടിക്കുറച്ചതല്ല.
മനസില്ലാ മനസോടെ ചെയ്യേണ്ടി വന്നതാണെന്നാണ് സംവിധായകന്റെ വിശദീകരണം. നടൻ പ്രസന്നയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന താരം വേലൈക്കാരനിലൂടെയാണ് തമിഴകത്തേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. സിനിമയുടെ ദൈര്‍ഘ്യം കൂടി വന്നതിന്റെ ഭാഗമായി പല രംഗങ്ങളും കട്ട് ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
വേറെ വഴിയില്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും മോഹന്‍രാജ പറയുന്നു. ആ രംഗങ്ങള്‍ കട്ട് ചെയ്ത സംഭവത്തില്‍ സ്നേഹയ്ക്ക് വേദനിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. കുറച്ച് നേരമേ ഉള്ളൂവെങ്കിലും സ്നേഹയുടെ കഥാപാത്രത്തിന് മികച്ച അംഗീകാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.