ആലപ്പുഴ: മാപ്പ്, മാപ്പ്, മാപ്പ്, സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തിയതിനു മാധ്യമപ്രവർത്തകരെ സാക്ഷിനിർത്തി യുവാവിന്റെ മാപ്പപേക്ഷ. ആലപ്പുഴ പ്രസ്ക്ലബ് ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂർവ മാപ്പപേക്ഷയ്ക്കും മാപ്പുനല്കലിനും.
കുവൈറ്റ് കെആർഎച്ച് കന്പനി സീനിയർ റിക്രൂട്ടിംഗ് എക്സിക്യൂട്ടീവായിരുന്ന ആലപ്പുഴ കൈനകരി സ്വദേശി രാജേഷ് ആർ. നായരെ സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തിയ ചേർത്തല പള്ളിപ്പുറം സ്വദേശി കെ. രാജേഷിന്റെ മാപ്പപേക്ഷയും രാജേഷ് നായരുടെ മാപ്പുകൊടുക്കലുമാണ് അപൂർവത സമ്മാനിച്ചത്.
രാജേഷ് ആർ. നായർ റിക്രൂട്ടിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന കുവൈറ്റിലെ കെആർഎച്ച് കന്പനിയിലേക്കു 2014ലാണ് പള്ളിപ്പുറം സ്വദേശിയായ കെ. രാജേഷ് റിക്രൂട്ട് ചെയ്യപ്പെടുന്നത്. തുടർന്ന് ഏതാനും വർഷം അവിടെ ജോലിചെയ്ത രാജേഷിനു ഇംഗ്ലീഷ് ഭാഷ വശമില്ലാഞ്ഞതിനാലും മറ്റു അച്ചടക്ക നടപടികളുടെ ഭാഗമായും കന്പനിയിൽ നിന്നും പുറത്താക്കി. രാജേഷ് ആർ. നായർ ഇടപെട്ട് തിരിച്ചെടുക്കുന്നതിനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒരിക്കൽ പുറത്താക്കപ്പെട്ട ആളെ വീണ്ടും റിക്രൂട്ട് ചെയ്യാനാകില്ലെന്നും രാജേഷ് ആർ. നായർ കെ. രാജേഷിനെ അറിയിച്ചു. പിന്നീട് കുറച്ചുനാളുകൾക്കു ശേഷം രാജേഷ് നായർ കെആർഎച്ച് കന്പനിയിൽ നിന്നും വെക്ട്രസ് എന്ന അമേരിക്കൻ കന്പനിയുടെ ചെന്നൈ ഓഫീസിലേക്കു ജോലി മാറി.
തന്റെ ജോലി പോകാൻ കാരണം രാജേഷ് നായരാണെന്നു തെറ്റിദ്ധരിച്ച കെ. രാജേഷ് റിക്രൂട്ടിംഗ് തട്ടിപ്പിന്റെ പേരിൽ രാജേഷ് നായരെ പുറത്താക്കിയെന്നും ഇയാൾ ഇപ്പോൾ ചെന്നൈയിൽ ജയിലിലാണെന്നുമുള്ള തരത്തിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി വ്യാജപ്രചരണം നടത്തി. വ്യാജ സന്ദേശം ശ്രദ്ധയിൽപെട്ട രാജേഷ് നായർ പുളിങ്കുന്ന് പോലീസിലും സൈബർ സെല്ലിലും മറ്റും പരാതിപ്പെട്ടു. വ്യാജവാർത്തയുടെ ഉറവിടം കെ. രാജേഷ് ആണെന്നു മനസിലാക്കിയ പോലീസ് ഇയാളെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
തനിക്കുണ്ടായ മാനഹാനിക്കു മാപ്പു പറയുകയാണെങ്കിൽ പരാതി പിൻവലിക്കാമെന്ന രാജേഷ് നായർ ഉറപ്പു നൽകി. തുടർന്ന് പത്രസമ്മേളനം വിളിച്ച് രാജേഷ് മാപ്പു പറയുകയായിരുന്നു. മാപ്പപേക്ഷ സ്വീകരിച്ച രാജേഷ് നായർ ഇയാൾ ആവശ്യപ്പെടുകയാണെങ്കിൽ വീണ്ടും ജോലി വാങ്ങി നൽകാൻ തയാറാണെന്നും പറഞ്ഞു.