കോട്ടയം: കേരളത്തിലാദ്യമായി റോട്ടബലേഷനും ഷോക്ക് വേവ് ലിത്തോട്രിപ്സിയും സംയോജിപ്പിച്ചു വിജയകരമായി ഹൃദ്രോഗ ചികിത്സ പൂർത്തിയാക്കി കാരിത്താസ് ആശുപത്രി.
ഹൃദയ രക്തക്കുഴലുകളിൽ ബ്ലോക്കുകൾക്കൊപ്പം കാൽസ്യം അടിഞ്ഞുകൂടിയതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിയിരുന്ന റാന്നി സ്വദേശിനി ശോശാമ്മ (76)യാണു പുതിയ ചികിത്സരീതിയിലൂടെ സുഖം പ്രാപിച്ചത്.
കടുത്ത നെഞ്ചുവേദനയും വിട്ടുമാറാത്ത ശ്വാസതടസവുമായാണ് ശോശാമ്മ കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. പരിശോധനയിൽ ഹൃദയ രക്തക്കുഴലിലെ ബ്ലോക്കുകൾക്കൊപ്പം കാൽസ്യം അടിഞ്ഞു കൂടിയതായും കണ്ടെത്തി.
ചീഫ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സണ്, ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ഡോ. ജോണി ജോസഫ്, കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തിൽ ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോർജ്, ഡോ. മനോജ് ടി. കോശി, ഡോ. ഗൗതം രാജൻ എന്നിവരുടെ സഹകരണത്തോടെ കാൽസ്യം കട്ടകൾ നീക്കിക്കളയുന്ന റോട്ടബലേഷനും ഷോക്ക് വേവ് ലിത്തോട്രിപ്സിയും സംയോജിപ്പിച്ചു ചികിത്സ നൽകി.
ഹൃദയ ധമനികളിൽ കാൽസ്യം അടിഞ്ഞു കൂടിയാൽ ആൻജിയോപ്ലാസ്റ്റിയിലൂടെ ബലൂണ്‍ വികസിപ്പിച്ചു ബ്ലോക്ക് നികത്താൻ സാധിക്കില്ല. പ്രായക്കൂടുതലുള്ളവരിലും പാരന്പര്യമായി ഹൃദ്രോഗം ഉള്ളവരിലും പ്രമേഹരോഗികളിലുമാണ് ഈഅവസ്ഥ കണ്ടുവരുന്നത്.