റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളുടെ ശിക്ഷയാണ് ഇന്നലെ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊലപാതകം നടന്നയുടൻ പോലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി വിധി ശരിവയ്ക്കുകയായിരുന്നു.
സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ മയക്കുമരുന്നായ ആംഫറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ അമീരി എന്ന സൗദി പൗരന്റെ വധശിക്ഷയും ഇന്നലെ നടപ്പാക്കി.