ന്യൂഡൽഹി: ഇന്ത്യൻ പെട്രോളിയം റിഫൈനറികളിലും പെട്രോകെമിക്കൽ പദ്ധതികളിലും നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കയറ്റുമതി കന്പനിയായ ആരാംകോ.
ന്യൂഡൽഹിയിൽ ഇന്ത്യൻ എനർജി ഫോറത്തിൽ പങ്കെടുത്തു പ്രസംഗിക്കവേയാണ് ആരാംകോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിൻ എച് .നാസർ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചത്. അതിവേഗം വളരുന്ന ഉൗർജ ഉപഭോഗ രാജ്യമായ ഇന്ത്യയും അതിവേഗം വളരുന്ന ഉൗർജ കയറ്റുമതി കന്പനിയായ ആരാംകോയും തമ്മിൽ വ്യവസായരംഗത്തു സഹകരിക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യൻ പെട്രോളിയം മേഖലയിൽ നിക്ഷേപിക്കുക എന്നത് ഇപ്പോൾ തങ്ങളുടെ മുഖ്യ അജൻഡയാണെന്നും അമിൻ പറഞ്ഞു.
ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ വിലയിരുത്താൻ ഉടൻതന്നെ ഒരു പ്രത്യേക സംഘത്തെ ഇങ്ങോട്ട് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൈന, കൊറിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിൽ തങ്ങൾക്കു നിക്ഷേപങ്ങളുണ്ട്. ഇന്ത്യൻ പെട്രോളിയം വിപണി വലിയ പ്രതീക്ഷകളാണു പകരുന്നത്. ഇവിടുത്തെ പെട്രോ കെമിക്കൽ രംഗത്തും വൻ സാധ്യതകളുണ്ട്. സഹകരിക്കുകവഴി ഇരുകൂട്ടർക്കും നേട്ടമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനു കീഴിലുള്ള വിവിധ കന്പനികളുമായ ആരാംകോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായി കേന്ദ്ര പെട്രോളിംയം മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ അറിയിച്ചിരുന്നു. ന്യൂഡൽഹിയിൽ പുതുതായി പണികഴിപ്പിച്ച ആരാംകോയുടെ ഓഫീസ് കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള കന്പനിയുടെ നീക്കത്തിനു ചുക്കാൻ പിടിക്കാനാണു പുതിയ ഓഫീസ് എന്നാണു കരുതുന്നത്. ഇന്ത്യയുടെ എണ്ണ ഉപയോഗം പ്രതിദിനം 1,35,000 ബാരലായി ഈ വർഷം ഉയരുമെന്നും അടുത്ത വർഷമാകുന്പോഴേക്കും ഇതു 2,75,000 ബാരൽ ആകുമെന്നുമാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ പഠനത്തിൽ പറയുന്നത്. ഈ സാധ്യതകളിലാണ് ആരാംകോയുടെയും കണ്ണ്.