ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപസാധ്യതതേടി സൗദി അരാംകോ. ഇന്ത്യയിൽ നിക്ഷേപം നടത്താനായി റിലയൻസ് ഇൻഡസ്ട്രീസുമായി (ആർഐഎൽ) ചർച്ച നടത്തിയെന്ന് സൗദി അരാംകോ സിഇഒ അമീൻ നാസർ പറഞ്ഞു.
നേരത്തെ ഏപ്രിലിൽ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കന്പനികളുടെ കൺസോർഷ്യവുമായി 4400 കോടി ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് സൗദി അരാംകോ കരാറൊപ്പിട്ടിരുന്നു. ഇതുകൂടാതെ അധികനിക്ഷേപത്തിനാണ് സൗദിയിലെ ഏറ്റവും വലിയ എണ്ണക്കന്പനിയുടെ പദ്ധതി.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സർന്ദർശനത്തിന്റെ ഭാഗമായാണ് അമീൻ നാസർ ഇന്ത്യയിലെത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനിംഗ് ആൻഡ് പെട്രോകെമിക്കൽ കമ്പനിയായ ആർഐലിന് പ്രതിദിനം 14 ലക്ഷം ബാരൽ ക്രൂഡ് ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. 2030 ആകുന്പോഴേക്ക് ഇത് 20 ലക്ഷം ബാരലായി ഉയർത്താനുള്ള പദ്ധതിയാണ് റിലയൻസിനുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരായ സൗദി ശുദ്ധീകരണം, പെട്രോകെമിക്കൽ വിഭാഗങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.