റിയാദ്: വിദേശികൾക്കു രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. സൗദിയിലുള്ള വിദേശികൾക്കു ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചു നാട്ടിലേക്കു മടങ്ങാനാണു സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്.
ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിൽ വിദേശികൾക്കുമാത്രം യാത്രാനുമതി എന്നാണു വ്യക്തമാക്കിയിട്ടുള്ളത്.രാജ്യത്തുള്ള സൗദി പൗരൻമാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചു യാത്ര ചെയ്യിക്കാൻ വിമാന കന്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ വിദേശത്തുനിന്നു സൗദിയിലേക്കു വരാൻ അനുമതിയില്ല.ആശങ്ക വർധിപ്പിച്ചു ബ്രിട്ടനിൽ കൊറോണ വൈറസിനു ജനിതകമാറ്റം സംഭവിച്ച സാഹചര്യത്തിലാണു സൗദി രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തത്.
പുതുതായി റിപ്പോർട്ട് ചെയ്ത വകഭേദം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കു സൗദിയിൽനിന്നും യാത്രാനുമതി ഉണ്ടായിരിക്കില്ല.
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സൗദിയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് വാക്സിൻ അതിവേഗത്തിൽ നൽകുന്നുണ്ട്.