റിയാദ്: സൗദിയുടെ തെക്കൻ പ്രവിശ്യയായ അസീറിലെ അംക് പട്ടണത്തിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ടു പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടു.
പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്.
കനത്ത മഴയെ തുടർന്നു വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ തെന്നി ശക്തമായ ഒഴുക്കിൽപ്പെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു.
ഉടൻതന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിനെത്തി.ആരോഗ്യത്തോടെ തന്നെ 11 വയസുള്ള മകനെ രക്ഷിക്കാനായി. എന്നാൽ മറ്റുള്ളവരെ രക്ഷിക്കാനായില്ല.ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മേഖലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.