ബുവെനോസ് ഐറിസ് (അർജന്റീന): അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക്.
ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടാണ് മെസിയുടെ കൂടുമാറ്റം. ഇംഗ്ലീഷ് മുൻ താരം ഡേവിഡ്ബെക്കാമിന്റെ ഉടമസ്ഥയിലുള്ളതാണ് ഇന്റർ മയാമി ക്ലബ്.
മുന്‍ ക്ലബായിരുന്ന ബാഴ്സലോണയിലേക്കു പോകാനായിരുന്നു ആഗ്രഹമെന്നു പറഞ്ഞ മെസി, പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
“ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. അതില്‍ ഞാന്‍ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോള്‍ അന്ന് അനുഭവിച്ചതുപോലുള്ള അവസ്ഥയില്‍ ഒരിക്കല്‍ കൂടി ആകാന്‍ ആഗ്രഹിച്ചില്ല.
എന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ തന്നെയും കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു.’-മെസി പറഞ്ഞു.