റിയാദ്: പ്രവാസികളെ ആശങ്കയിലാക്കിയുള്ള സൗദി സര്‍ക്കാരിന്റെ നടപടികള്‍ തുടരുന്നു. വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസിക്കുന്ന കെട്ടിടത്തിന്റെ വാടക നിര്‍ബന്ധമാക്കിക്കൊണ്ടാണ് സൗദി സര്‍ക്കാരിന്റെ പുതിയ നടപടി. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ പരിഷ്കാരത്തിന് അനുമതി നല്‍കിയത്. ഇതോടെ സൗദിയില്‍ തൊഴിലിലേര്‍പ്പെട്ട ഓരോ വ്യക്തിയും വാടക കരാര്‍ ഉണ്ടാക്കേണ്ടി വരും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് ‘ഈജാര്‍’ (വാടക) എന്ന ഇലക്ട്രോണിക് സംവിധാനവും ഇതിനായി ആരംഭിച്ചിട്ടുണ്ട്.
വാടകക്കരാര്‍ ഉണ്ടാക്കേണ്ടത് ഇജാര്‍ രജിസ്ട്രേഷനു ശേഷമായിരിക്കും. അല്ലാത്തവ അസാധുവാകും. ഇതോടെ ഓരോ വിദേശികള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമായിത്തീരും. വിദേശികളുടെ തൊഴില്‍മേഖല ഉള്‍പ്പെടുത്തിയാണ് രജിസ്ട്രേഷന്. ഇത് റെസിഡന്റ് പെര്‍മിറ്റിലെ (ഇഖാമ) പ്രഫഷനുമായി ഒത്തുവരണമെന്നതും പുതിയ നിബന്ധനയുടെ ഭാഗമായിത്തീരും. എന്നാല്‍ പുതിയ പരിഷ്കരണം എന്നു മുതലാണ് പ്രാബല്യത്തില്‍ വരുകയെന്ന വിവരം അറിയിച്ചിട്ടില്ല.