റിയാദ്: സൗദി പ്രൊ ലീഗിൽ ഗോൾ നേട്ടത്തിൽ അർധസെഞ്ചുറി തികച്ച് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.
2024-25 സീസണിലെ ആദ്യമത്സരത്തിൽ അൽ റീഡ് എഫ്സിക്കെതിരേ 1-1ന് അൽ നസർ എഫ്സി സമനില വഴങ്ങിയ മത്സരത്തിൽ ഗോൾ നേടിയാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്.
48 മത്സരങ്ങളിൽനിന്നാണ് സൗദി പ്രൊ ലീഗിൽ റൊണാൾഡോ 50 ഗോൾ തികച്ചതെന്നതും ശ്രദ്ധേയം. സീസണിൽ അൽ നസറിന്റെ ആദ്യമത്സരത്തിൽ 34-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ.
സാദിയൊ മാനെയുടെ ക്രോസിനു തലവച്ച സിആർ7നു പിഴച്ചില്ല, പന്ത് വലയിൽ. എന്നാൽ, 49-ാം മിനിറ്റിൽ മുഹമ്മദ് ഫൗസയറിന്റെ ഗോളിൽ അൽ റീഡ് എഫ്സി സമനില സ്വന്തമാക്കി. മത്സരം അവസാനിക്കാൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോൾ റൊണാൾഡോ അൽ നസറിനായി വീണ്ടും വലകുലുക്കിയെങ്കിലും വിഎആറിലൂടെ റഫറി അതു നിഷേധിച്ചു.
2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിലെത്തിയത്. അൽ നസറിനായി ഇതുവരെ ആകെ 67 മത്സരങ്ങളിൽ 61 ഗോൾ പോർച്ചുഗൽ താരം സ്വന്തമാക്കിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യമുണ്ടെങ്കിലും 2020നുശേഷം ഒരു സുപ്രധാന ട്രോഫി എന്ന അൽ നസറിന്റെ ലക്ഷ്യം ഇതുവരെ സഫലമായിട്ടില്ല.
അരികെ 900
സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ ഹിലാൽ എഫ്സിയോട് 4-1നു പരാജയപ്പെട്ടപ്പോഴും റൊണാൾഡോ ഗോൾ നേടിയിരുന്നു. കരിയറിൽ 900 ഗോൾ എന്ന അപൂർവ നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ അടുക്കുകയാണെന്നതും ശ്രദ്ധേയം.
കരിയറിൽ റൊണാൾഡോയുടെ ഗോൾ സന്പാദ്യം 898ൽ എത്തി. 1234 മത്സരങ്ങളിൽനിന്നാണിത്. 253 അസിസ്റ്റും കരിയറിൽ ഇതുവരെ റൊണാൾഡോ നടത്തിയിട്ടുണ്ട്. പോർച്ചുഗലിനായി രാജ്യാന്തര വേദിയിൽ 212 മത്സരങ്ങളിൽനിന്നു നേടിയ 130 ഗോളും 36 അസിസ്റ്റും ഉൾപ്പെടെയുള്ള കണക്കുകളാണിത്.