കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഒകേ്ടോബര്‍ പത്തിനകം ഉണ്ടാകുമെന്നു സൂചന.
ജയിലില്‍നിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താന്‍ കഴിയും. ഔട്ട്പാസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്റെ മോചനത്തിനുവേണ്ടി സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.
റഹീമിനെ ജയിലില്‍നിന്നു വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാല്‍, ജയിലില്‍നിന്നു പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതു പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. രണ്ടാഴ്ചകൂടി സമയമെടുക്കുമെന്നാണു വിവരം.
ഇന്ത്യന്‍ എംബസി മുഖേനയാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഔട്ട് പാസ് ലഭിച്ചാല്‍ ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കു കയറ്റിവിടും. ഗവര്‍ണറേറ്റ്, പബ്ളിക് പ്രോസിക്യൂഷന്, കോടതി എന്നിവിടങ്ങളിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി ജൂലൈ രണ്ടിനാണു റദ്ദാക്കിയത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെ റഹീമിനെ കണ്ട കോടതി ശിക്ഷ റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
കോടതിയില്‍ ഇന്ത്യന്‍ എംബസി കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണിക്കു കൈമാറുകയും ചെയ്തിരുന്നു.
സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹിം. മോചനത്തിനുള്ള ദയാധനം ലോകത്തെ മലയാളികളാണു സമാഹരിച്ചുനല്കിയിരുന്നത്.