സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ ആഡംബര ഉല്ലാസ നൗക ഇംഗ്ലണ്ടിലെ കോണ്‍വാളിൽ നങ്കൂരമിട്ടിരിക്കുന്നു. ഇതോടെ ഇതിലെ സൗകര്യങ്ങൾ ഒരിക്കൽകൂടി ഇംഗ്ലീഷ് മാധ്യമങ്ങളിൽ അടക്കം വാർത്തയാവുകയാണ്.
വെറുമൊരു ഉല്ലാസ നൗക എന്നു കരുതേണ്ട പെഗസസ്-എട്ടാമൻ എന്നു പേരിട്ടിരിക്കുന്ന ഫൈവ് സ്റ്റാർ വിസ്മയത്തെ. 44 മില്യണ്‍ ഡോളർ (ഏകദേശം 327 കോടിയിൽ കൂടുതൽ) ആണ് 78 മീറ്റർ നീളമുള്ള ഈ ഉല്ലാസ നൗകയുടെ വില.
തീയേറ്റർ മുതൽ ഗോൾഫ് വരെ
ആഡംബരങ്ങളുടെയും സൗകര്യങ്ങളുടെയും വിസ്മയ ലോകമാണ് ഈ ഒഴുകുന്ന കൊട്ടാരം. പതിമൂന്ന് സീറ്റുകളുള്ള സിനിമ തീയറ്ററിൽ തുടങ്ങി ഒരു ഹെലിപാഡ്, ഗോൾഫ് ഏരിയ എന്നിങ്ങനെ നീളുന്നു ഈ ഉല്ലാസ നൗകയിലെ സൗകര്യങ്ങൾ.
ഇപ്പോൾ ഈ നൗക മനോഹര പട്ടണമായ ഫാൽമൗത്തിലെ പെൻഡെന്നിസ് പോയിന്റിനടുത്തുള്ള ഉൾക്കടലിൽ എത്തിയിട്ടുണ്ട്. സെന്റ് മാവേസ് കാസിലിനു സമീപം നങ്കൂരമിട്ടിരിക്കുന്ന പെഗസസ് എട്ടിൽ 12 അതിഥികൾക്കു താമസിക്കാനുള്ള സൗകര്യമുണ്ട്.
ഇരുപത്തിയാറ് പേരാണ് ജോലിക്കാരായുള്ളത്. രണ്ട് ബാറുകൾ, ഒരു ഡാൻസ് ഫ്ളോർ, ഗ്രാൻഡ് പിയാനോ, ബാർബിക്യൂ എന്നിങ്ങനെ പാർട്ടി ഡെക്കിൽ ബിൻ സൽമാന്റെ സന്ദർശകരെ രസിപ്പിക്കാനുള്ള പൊടിക്കൈകൾ ഇഷ്ടം പോലെ. മദ്യലോകത്തു പെരുമയുള്ള ടെക്വില മദ്യത്തിന്റെ1,000 കുപ്പി ശേഖരിച്ചിട്ടുള്ള നിലവറയാണ് മറ്റൊരു ആഡംബരം.
പതിനാറ് നോട്ടിക്കൽ മൈലാണ് കപ്പലിന്റെ വേഗം. കപ്പലിന്റെ പുറമേയുള്ള ഡെക്കിൽ ജിം, ജാക്കുസി എന്നിവയും 12 മീറ്റർ നീളമുള്ള സ്വിമ്മിംഗ് പൂളിനായി ഒരു ഡ്രൈഡോക്കുമുണ്ട്.
ആദ്യം പെഗസസ് അഞ്ചാമൻ
ഡാനിഷ് യാച്ച് (ഉല്ലാസ നൗക) നിർമ്മാണ കന്പനിയായ റോയൽ ഡെൻഷിപ്പ് ആണ് ഈ കപ്പൽ നിർമ്മിച്ചത്. 2003ൽ കലിഫോർണിയൻ നിക്ഷേപകനായ റൊണാൾഡ് ട്യൂട്ടറാണ് ആദ്യമായി പെഗസസിനെ വാങ്ങിയത്.
ലോകത്തിലെ ഏറ്റവും വലിയ ബോട്ടുകളുടെ രൂപ കൽപ്പന ചെയ്തിട്ടുള്ള നാവിക വാസ്തുശില്പിയായ എസ്പെൻ ഓയ്നോയാണ് ഇതിന്റെ ബാഹ്യ രൂപകൽപ്പനയും എൻജിനിയറിംഗും ചെയ്തിരിക്കുന്നത്. ഫ്രാൻസെസ്കോ സുരേട്ടിയാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
പെഗാസസ് എന്ന പേരിൽ മറ്റ് നൗകകൾ സ്വന്തമാക്കിയിരുന്ന റൊണാൾഡ് ട്യൂട്ടർ ഇതിനു പെഗാസസ് അഞ്ചാമൻ എന്നു പേരിട്ടു.
അഴിച്ചുപണി
2015 ലാണ് ഇതു സൗദി രാജകുമാരന്റെ കൈയിലേക്ക് എത്തുന്നത്. അങ്ങനെ പെഗാസസ് എട്ടാമൻ എന്ന പേരിലേക്കും എത്തി. സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രിയാണ് 35കാരനായ മുഹമ്മദ് ബിൻ സൽമാൻ.
തന്റെ കൈയിലെത്തിയ നൗകയെ അഴിച്ചുപണിത് സൂപ്പർ ആഡംബര നൗകയാക്കാൻ നെതർലാൻഡിലേക്ക് അയച്ചിരുന്നുവെന്നാണ് ഉല്ലാസ നൗകകളുടെ ആരാധകനായ ഒരാൾ പറഞ്ഞത്.
ഡീസൽ- ഇലക്ട്രിക് എൻജിനുകളിലാണ് ഇതു പ്രവർത്തിക്കുന്നത്. 4,35,700 ലിറ്റർ ഇന്ധന ടാങ്കുള്ള നൗക ഇത് 12 നോട്ടിൽ പരമാവധി 75,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കും.
നൗകയെ കഴിഞ്ഞ വർഷം മിഡിൽ ഈസ്റ്റ് രാജ്യത്തെ പൊതുനിക്ഷേപ ഫണ്ടിംഗ് തലവനുവേണ്ടി ന്യൂകാസിൽ യുണൈറ്റഡ് വാങ്ങാൻ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടിരുന്നു.