ജിദ്ദ: പേര് വനിതാ സംഗമമെന്നാണ്, പക്ഷെ വേദിയിലുള്ളതു മുഴുവന്‍ പുരുഷന്മാരും. ഇവര്‍ ഉദ്ഘാടനം ചെയ്യുന്നതാകട്ടെ വനിതകള്‍ക്കായുളള ഭരണസമിതിയും. സൗദിയില്‍ നിന്നും പുറത്തു വന്ന ഈ ചിത്രത്തെ പരിഹസിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വനിതാകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെയാണ് ഖാസിം ഗേള്‍സ് കൗണ്‍സില്‍ രൂപീകരണം നടന്നത്. എന്നാല്‍ പരിപാടിയില്‍ ഏറ്റവും അത്യാവശ്യമായ വനിതകളെ കാണാന്‍ പോലും ഇല്ലാതിരുന്നതാണ് സൗദി ലോക മാധ്യമങ്ങളുടെ പരിഹാസം ഏറ്റുവാങ്ങുന്നതിന് കാരണമായത്. സൗദി രാജകുമാരനായ ഫൈസര്‍ ബിന്‍ മിഷാല്‍ ബിന്‍ സൗദിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ സഹോദരിമാരായി കാണുവാനും അവര്‍ക്കായി നിരവധി അവസരങ്ങള്‍ ഒരുക്കി നല്കുവാനുള്ള കടമ പുരുഷന്മാര്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ തുരുതുരാ പ്രതികരണങ്ങളാണ് വന്നത്. ഗേള്‍സ് കൗണ്‍സിലിന്റെ ആദ്യ മീറ്റിംഗില്‍ തന്നെ ഒരു പെണ്‍കുട്ടിയെ പോലും കാണാന്‍ കഴിയാത്തതിനെ പരിഹസിച്ചാണ് എല്ലാ പ്രതികരണങ്ങളും. സൗദി അറേബ്യയിലെ താടി വച്ച ഗേള്‍സ് എന്നാണ് ഒരു കമന്റില്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. പുരുഷന്മാരെ പങ്കെടുപ്പിക്കാതെ പുരുഷ മീറ്റിംഗ് സ്ത്രീകള്‍ നടത്തണമെന്നും കമന്റുണ്ട്. ചിലര്‍ പുരുഷ ഷോവനിസത്തിന്റെ അങ്ങേയറ്റമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സൗദി രാജകുമാരന്റെ ഭാര്യ അബിര്‍ ബിന്റ് സല്മാന് ഉണ്ടായിരുന്നെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയെങ്കിലും മഷിയിട്ടു നോക്കിയിട്ടും ഒരു ഫോട്ടോയിലും അവരെ കാണാന്‍ കഴിഞ്ഞില്ല. ആണ് പെണ് സമ്പര്‍ക്കമില്ലാതെ ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ ഓഫീസുകളില്‍ പോവേണ്ടതി്ല്ലെന്നാണ് സൗദിയിലെ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2020ഓടെ 141,000 തൊഴില്‍ അവസരങ്ങളും സ്ത്രീകള്‍ക്കും ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രാലയത്തിന്റെ ഉറപ്പ്.