ബൈജു ബാപ്പുട്ടി
കോഴിക്കോട്: പ്രവാസജീവിതത്തിലേക്ക് മടങ്ങാൻ പല വഴിതേടുകയാണ് പ്രവാസികൾ. ഇന്ത്യയിൽനിന്നും അയൽരാജ്യമായ നേപ്പാൾ, മാലിദ്വീപ് തുടങ്ങിയവിടങ്ങളിൽനിന്നും സൗദിഅറേബ്യയിലേക്ക് കടക്കാനാകാതെ വന്നതോടെ എത്തിപ്പെടാൻ ഏറ്റവും പ്രയാസമേറിയ ഇടമായി മാറിയിരിക്കുകയാണ് സൗദി അറേബ്യ.
അതിനാൽതന്നെ ജോലിസ്ഥലത്തേക്ക് തിരിച്ചെത്താൻ മറ്റു രാജ്യങ്ങൾ വഴിയുള്ള മാർഗങ്ങൾ തേടുകയാണ് സൗദിഅറേബ്യയിലെ പ്രവാസികൾ.നേപ്പാളിൽനിന്ന് സൗദിഅറേബ്യയിലേക്കുള്ള വിമാനസർവീസ് നിർത്തൽചെയ്തതാണ് ഇതുവഴിയുള്ള യാത്ര തടസപ്പെടാൻ കാരണമായത്.
മടക്കയാത്രയ്ക്ക് പ്രത്യേക പാക്കേജ്
എത്യോപ്പിയ, അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൽ വഴി സൗദി അറേബ്യയിലെത്താനാണ് ഇപ്പോൾ ട്രാവൽ ഏജൻസികൾ പ്രവാസികൾക്ക് സൗകര്യമൊരുക്കുന്നത്.
ഇത്തരം രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ്, പതിനാലുദിവസം ഭക്ഷണത്തോടുകൂടെയുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ തങ്ങാനുള്ള ഹോട്ടൽ റും തുടർന്ന് സൗദിഅറേബ്യയിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവയടങ്ങിയ പാക്കേജാണ് ട്രാവൽ ഏജൻസികൾ ഒരുക്കുന്നത്.
ഒന്നരലക്ഷം മുതൽ രണ്ടു ലക്ഷം വരെ ചെലവുവരുന്നതാണ് പാക്കേജുകൾ. മലയാളികലായ നിരവധി പ്രവാസികൾ ഇതിനോടകം ഇങ്ങനെ യാത്രപുറപ്പെട്ടു കഴിഞ്ഞു.
സൗദിയുടെ പാത പിന്തുടർന്ന് കുവൈത്ത്
ക്വാറന്റൈൻ മറ്റേതെങ്കിലും രാജ്യത്തുനിന്ന് പൂർത്തിയാക്കിയവർക്കാണ് സൗദി പ്രവേശനം അനുവദിക്കുന്നത്. കൂടാതെ രാജ്യത്തെത്തിയശേഷം എയർലൈൻസ് ഒരുക്കുന്ന ഏഴു ദിവസ ക്വാറന്റൈനിനുകൂടി വിധേയമാകേണ്ടതുണ്ട് എന്നതിനാൽ സൗദിയാത്ര ചെലവേറിയതാകുന്നു.
കുവൈത്തും സൗദി അറേബ്യയുടെ പാതയാണ് പിന്തുടരുന്നത്. ബഹറിൻ,ഖത്തർ തുടങ്ങിയരാജ്യങ്ങളിലേക്ക് നേരിട്ടെത്താമെങ്കിലും 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. മാത്രമല്ല വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് വർധിച്ചത്.
ദുബായിലേക്ക് മടങ്ങാനും ഇതുതന്നെ സ്ഥിതി
മലയാളികൾ ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂലൈ 23ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും പിന്നീട് ജൂലൈ ഏഴുവരെ വരെ നീട്ടിയതോടെ ദുബായിയിലേക്കെത്താനും പ്രവാസികലുടെ മുൻപിൽ വഴിയില്ലാതെയായി.
ജോലിയിൽ തിരിച്ചുകയറാൻ അടിയന്തരമായി യുഎഇയിലെത്തേണ്ടവർക്കും മറ്റുരാജ്യങ്ങൾ കറങ്ങി പേകേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച് ആ വിവരം പാസ്പോർട്ടിൽ ലഭ്യമാക്കുന്നവർക്കായിരിക്കും ഭാവിയിൽ പ്രയാസംകൂടാതെ വിദേശയാത്ര നടത്താനാകുകയെന്നാണ് ഈ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദേശം.
എയർപ്പോർട്ടിലെത്തുന്ന മുറയ്ക്ക് ഇത്തരം യാത്രക്കാരെ റാപ്പിഡ് ടെസ്റ്റ് നടത്തി രാജ്യത്തേക്കു പ്രവേശിപ്പിക്കുന്ന രീതിയാകും പിന്തുടരുക.