കട്ടപ്പന: ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാനായി പഞ്ചായത്ത് മെന്പർ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
കോഴിക്കോട് പാലാഴി വടക്കേ കോമളശേരി ശിതിൽ (26), കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വിൻ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം പിടിയിലായ കോഴിക്കോട് സ്വദേശി അർജുൻ ഹരിദാസുമായി ലഹരിമരുന്ന് വിൽപനയ്ക്കായി സാന്പത്തിക ഇടപാടു നടത്തിയിരുന്ന വ്യക്തിയാണ് ശിതിൽ.
എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപ്, ഹഷീഷ് ഓയിൽ എന്നിവയടക്കമുള്ള ലഹരിമരുന്നു വിൽപ്പനയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു.
വിദേശത്തുള്ള കാമുകനുമൊത്ത് ജീവിക്കാനായി ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കി ജയിലിലാക്കാനാണ് വണ്ടൻമേട് പഞ്ചായത്തു മെന്പർ സൗമ്യ ഏബ്രഹാം ഭർത്താവിന്റെ ബൈക്കിൽ മയക്കുമരുന്നു ഒളിപ്പിച്ചുവച്ചത്.
ഇതിനുശേഷം നർക്കോട്ടിക് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
സൗമ്യക്കു എംഡിഎംഎ എത്തിച്ചുനൽകിയതിനാണ് അശ്വിൻ പിടിയിലായത്. കോഴിക്കോടുനിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് ഇയാളാണ്.
ഈ കേസിൽ മുൻപ് പിടിയിലായ ഷെഫിൻ ഷായ്ക്കാണ് അശ്വിൻ എംഡിഎംഎ കൈമാറിയത്. ഇയാൾ അത് സൗമ്യയുടെ കാമുകന് കൈമാറുകയായിരുന്നു.
വണ്ടൻമേട് സിഐ വി.എസ്. നവാസ്, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ഷിജുമോൻ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.