കൊച്ചി: കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് കളക്ടർ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് കൊച്ചി നഗരസഭയിൽ ബജറ്റ് സമ്മേളനം. 73 അംഗങ്ങൾ പങ്കെടുത്ത യോഗമാണ് ഇന്ന് ചേർന്നത്. അതേസമയം, യോഗം ചേരുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അനുമതി നൽകി എന്നാണ് മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയത്.
കോവിഡ് 19 ഭീതി നിലനിൽക്കെ ആളുകൾ കൂടിച്ചേരരുതെന്ന് കളക്ടർ എസ്.സുഹാസ് കർശന നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചായിരുന്നു യോഗം. അതേസമയം, കൊറോണ വൈറസ് വ്യാപനം വർധിച്ചു വരുന്ന ആശങ്കയ്ക്കിടയിലാണ് നാടും നഗരവുമെന്ന് മേയർ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു.
ആശങ്ക വേണ്ട, ജാഗ്രതയും കരുതലും മതിയെന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഈ നിർദേശങ്ങളെ പാലിച്ചാണ് ബജറ്റ് സമ്മേളനം കൂടുന്നതെന്നും മേയർ പറഞ്ഞു.