പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് എളിയ രീതിയില്‍ വിവാഹം നടത്തും! മകളുടെ വിവാഹത്തിനായി കരുതിയിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്! മാതൃകയായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍

അണ്ണാന്‍ കുഞ്ഞും തന്നാലായതെന്ന രീതിയില്‍ കൊച്ചുകുട്ടികള്‍ മുതലുള്ളവരും ആവതുള്ളവര്‍ അവരുടെ നിലയ്ക്കും, പ്രശംസനീയമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. സമാനമായ രീതിയില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ചെയ്ത സഹായമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

കേരളത്തിന്റെ പുനരുദ്ധാരണം ലക്ഷ്യം വച്ച് മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മേയര്‍. തുക ഉടന്‍ കൈമാറുമെന്നും മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എറണാകുളം ടി ഡി എം ഹാളിലാണ് വിവാഹം നടത്താനിരുന്നത്.

എന്നാല്‍, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ക്ഷണിച്ചവരെല്ലാം ഇത് അറിയിപ്പായി കരുതണം. വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.

Related posts