കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭാ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന് എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ സൗമിനി ജെയിന്. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ട്. അത് മേയറുടെ മാത്രം ഉത്തരവാദിത്തമല്ല. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരായെന്നും സൗമിനി പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങളില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിറകേ, നഗരസഭയ്ക്കെതിരേ ഹൈബി ഈഡൻ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈബിയുടെ വിമര്‍ശനം. മേയറെ മാറ്റണമെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ശക്തമായി വാദിക്കുന്നുമുണ്ട്.