കൊച്ചി: ഭരണപരാജയവും അഴിമതിയും ഉയർത്തിക്കാട്ടി മേയർ സൗമിനി ജെയിനെതിരെ എൽഡിഎഫ് നൽകാനൊരുങ്ങുന്ന അവിശ്വാസ നോട്ടീസിന് ഭരണപക്ഷത്തുനിന്നും പിന്തുണയുണ്ടെന്നു സൂചന. ധാരണപ്രകാരമുള്ള അധികാരമാറ്റം നടക്കാത്തതിൽ അസംതൃപ്തരായ ചിലരാണ് എൽഡിഎഫിന് അനുകൂലമായി നിൽക്കുന്നത്. അവിശ്വാസത്തിൻമേൽ നടക്കുന്ന വോട്ടെടുപ്പിൽ അനുകൂലമായോ വിട്ടുനിന്നോ ഭരണപക്ഷത്തെ അഞ്ച് കൗണ്‍സിലർമാർ എൽഡിഎഫിന് അനുകൂലമായി നിലകൊണ്ടേക്കുമെന്ന് കോണ്‍ഗ്രസിനുള്ളിൽ നിന്നുള്ളവർ തന്നെ സൂചന നൽകുന്നു.
കഴിഞ്ഞതവണ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു നടന്ന വോട്ടെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായ പിഴവ് ആവർത്തിക്കപ്പെടുകയാണെങ്കിൽ ഇത്തവണയും കാര്യങ്ങൾ എൽഡിഎഫിന് അനുകൂലമാകും. ഒഴിവുവന്ന സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് യുഡിഎഫിന് തിരിച്ചടിയായിരുന്നു. എന്നാൽ, ഇവർക്കെതിരെ താക്കീത് ചെയ്തത് ഒഴിച്ചാൽ കാര്യമായ നടപടി എടുക്കാതിരുന്നതും കോണ്‍ഗ്രസിനുള്ളിൽ ഭിന്നതയ്ക്ക് ഇടയാക്കി.
നേതൃത്വത്തിനിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒത്തൊരുമയില്ലായ്മയുമാണ് ധനകാര്യ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ സംഭവിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. മേയറും ഇതിന് കൂട്ടുനിന്നെന്ന് ഇവർ ആരോപിക്കുന്നു. ഇത്തരം പിഴവുകൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ അവിശ്വാസത്തിമേൽ നടക്കുന്ന വോട്ടെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിടേണ്ടിവരും.
ഭരണം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. 34 എൽഡിഎഫ് കൗണ്‍സിലർമാർ ഒപ്പിട്ട അവിശ്വാസം പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കളക്ടർക്ക് നൽകാനാണ് എൽഡിഎഫിന്റെ തീരുമാനം. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരുന്നു.
എന്നാൽ, കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി കമ്മിറ്റി നേതാവിനെ ഒഴിവാക്കി നടത്തിയ ചർച്ചയിൽ ഇടതുപക്ഷത്തിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. സി.എം. ദിനേശ് മണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെ ചില ഇടതുപക്ഷ കൗണ്‍സിലർമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.