കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിൻ ബുധനാഴ്ച രാജി പ്രഖ്യാപിച്ചേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സൗമിനി ജെയിൻ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ചരടുവലികൾ നടത്തുന്നതിനിടെയാണ് സൗമിനി ജെയിൻ രാജിക്ക് തയാറെടുക്കുന്നത്.
മേയർ അടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയേക്കുമെന്നാണ് സൂചന. മുൻ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും കെപിസിസി അധ്യക്ഷനിൽ നിന്നുണ്ടായേക്കും. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞതോടെയാണ് കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായത്.