കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ മൂന്ന് ദിവസത്തിനുള്ളിൽ രാജിവച്ചേക്കുമെന്ന് സൂചന. മേയറെ മാറ്റണമെന്ന തീരുമാനവുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കഴിഞ്ഞദിവസം നാലു സ്ഥിരം സമിതി അധ്യക്ഷൻമാരോടു രാജിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. 23 നകം പദവി രാജി വയ്ക്കാൻ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖേന കത്തിലൂടെയാണ് നിർദേശം നൽകിയത്.
ഇതേതുടർന്നാണ് മേയറും രാജിക്കൊരുങ്ങുന്നതെന്നാണ് സൂചന. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യു, നികുതികാര്യ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ എന്നിവരോടാണു രജിവയ്ക്കാൻ ഡിസിസി നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കെപിസിസി യോഗത്തിൽ കൊച്ചി കോർപറേഷനിൽ അധികാരമാറ്റം നടപ്പാക്കാൻ ധാരണയിലെത്തിയിരുന്നു. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ ഉൾപ്പടെ ജില്ലയിലെ എ, ഐ നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർ അധികാരമാറ്റത്തോട് അനുകൂല നിലപാട് കൈക്കൊണ്ടത്. രണ്ടര വർഷത്തിന് ശേഷം മേയർ ഉൾപ്പടെയുള്ളവർ മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന് ഈ ഭരണ സമിതി അധികാരത്തിലേറിയ ഘട്ടത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനിടയിൽ ധാരണ ഉണ്ടായിരുന്നതാണ്.
രണ്ടര വർഷത്തിന് ശേഷം അധികാരമാറ്റ ചർച്ചകൾ നടന്നെങ്കിലും പലകാരണങ്ങളാൽ വൈകുകയായിരുന്നു. ഏറ്റവും ഒടുവിൽ മേയർ ഉൾപ്പടെയുള്ളവർ മാറേണ്ടിവരുമെന്ന ഘട്ടമെത്തിയതോടെ പ്രതിരോധ തന്ത്രങ്ങളുമായി മേയർ അനുകൂല കൗണ്‍സിലർമാർ രംഗത്തെത്തിയിരുന്നു.