തിരുവനന്തപുരം: കൊച്ചി കോര്പറേഷന് മേയറെ മാറ്റണമെന്ന് ബെന്നി ബഹനാൻ. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലാണ് ബെന്നി ബഹനാൻ ഇക്കാര്യം ഉന്നയിച്ചത്. പാർട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് യോഗത്തിൽ വി.ഡി.സതീശനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്.
സൗമിനി ജെയിനും എറണാകുളം ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് നേതാക്കൾ മേയർക്കെതിരെ രംഗത്തെത്തിയത്. രാത്രി ഏറെ വൈകിയാണു യോഗം അവസാനിച്ചത്. യോഗത്തില്‍ മേയര്‍ മാറ്റം സംബന്ധിച്ച തീരുമാനമെടുത്തതായാണു സൂചന.
യോഗത്തിനു മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ മേയര്‍ സൗമിനി ജെയിനോടു രാജിവയ്ക്കേണ്ടി വരുമെന്ന സൂചന കെപിസിസി പ്രസിഡന്റ് നല്‍കിയതായി അറിയുന്നു. ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ മേയർ മാറ്റം പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുള്ളതിനാലാണു പ്രഖ്യാപനം യോഗത്തിനുശേഷം നടത്താന്‍ തീരുമാനിച്ചതെന്നാണു കരുതുന്നത്.