ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റിയ ഇതിഹാസ നടന് സൗമിത്രോ ചാറ്റര്‍ജി(85) അന്തരിച്ചു. കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും മോശമാവുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്. വിഖ്യാത സംവിധായകന് സത്യജിത് റേയുടെ സിനിമകളില്‍ സൗമിത്രോ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നിലനില്ക്കുന്നു.
ആറു പതിറ്റാണ്ടിലേറെ ബംഗാളി സംസ്കാരത്തിന്റെ പതാകവാഹകരിലൊരാളായി ജീവിച്ചതിനു ശേഷമാണ് സൗമിത്രോ ചാറ്റര്‍ജി വിടവാങ്ങുന്നത്.
പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്ക്കു നല്കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.
സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്രോ തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ദേവി,തീന് കന്യ, അഭിജാന്‍,ചാരുലത,കാപുരുഷ്, ആരണ്യേര്‍ ദിന്‍രാത്രി, അശനി സങ്കേത്, സോനാര്‍ കെല്ലാ,ഹിരോക് രാജര് ദേശെ, ഗെയര്‍ ബെയര്‍, ഗണശത്രു, ശോഖ പ്രോശോഖ,ജയ് ബാബ ഫെലുനാഥ് എന്നിങ്ങനെ 13 സത്യജിത് റായ് ചിത്രങ്ങളില്‍ കൂടി സൗമിത്രോ അവിസ്മരണീയ അഭിനയം കാഴ്ച വച്ചു.
മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്രോ അഭിനയിച്ചു.
കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയല്‍ദാ റെയില്‍വേ സ്റ്റേഷനു സമീപമുള്ള മിര്‍സാപുരിലാണ് സൗമിത്ര ജനിച്ചത്.
പത്തു വയസ്സു വരെ അദ്ദേഹം വളര്‍ന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാല്‍ റേയുടെ പട്ടണമായ കൃഷ്ണനഗറിന് തനതായൊരു നാടകസംസ്കാരമുണ്ടായിരുന്നു.
ആ അന്തരീക്ഷം സൗമിത്രയില്‍ സ്വാധീനം ചെലുത്തി. അഭിഭാഷകനും സര്‍ക്കാര്‍ ഉദ്യേഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. അദ്ദേഹവും സൗമിത്രയുടെ മുത്തശ്ശനും നാടകപ്രവര്‍ത്തകരായിരുന്നു.
ഹൗറ സില്ല സ്കൂളിലും കൊല്‍ക്കത്ത സിറ്റി കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൗമിത്ര പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയില്‍നിന്ന് അഭിനയപാഠങ്ങള്‍ പഠിച്ചു.
നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓള് ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി. അക്കാലത്താണ് സത്യജിത് റേയുടെ അപരാജിതോയില്‍ അവസരം തേടിയെത്തിയത്.
പക്ഷെ സിനിമയിലെ പ്രധാന കഥാപാത്രമായ അപു സൗമിത്രോയേക്കാള് ചെറുപ്പമായതിനാല്‍ വേഷം സ്മരണ്‍ ഘോഷാല്‍ എന്ന നടനിലേക്ക് പോയി.
എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ അപുര്‍ സന്‍സാറിലെ വേഷം കാലത്തിന്റെ കാവ്യനീതിയായി സൗമിത്രോയിലേക്ക് തന്നെ എത്തിച്ചേര്‍ന്നു.
അവിടെ ഒരു ചരിത്രം തുടങ്ങുകയായിരുന്നു. പദ്മഭൂഷന്‍, ദാദാസാഹിബ് ഫാല്‍ക്കെ, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി, മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ എന്നിങ്ങനെ സൗമിത്രോയുടെ അഭിനയ ജീവിതത്തില്‍ ലഭിക്കാത്ത ബഹുമതികളില്ല.
ദീപ ചാറ്റര്‍ജിയാണ് ഭാര്യ, പൗലാമി ബോസ്,സൗഗത ചാറ്റര്‍ജി എന്നിവരാണ് മക്കള്‍. സൗമിത്രോയുടെ വിടവാങ്ങല്‍ ബംഗാളി സിനിമയ്ക്കെന്നല്ല ഇന്ത്യന്‍ സാംസ്കാരിക രംഗത്തിനു തന്നെ ഒരു തീരാനഷ്ടമാണെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു.