കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിലെ വനിതാ ജയിലിൽ വിചാരണ തടവുകാരി പിണറായി പടന്നക്കരയിലെ സൗമ്യ (28) തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ ജീവനക്കാർക്കെതിരേ നടപടിയുണ്ടാകും. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച റീജണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷ് ഇന്നലെ വൈകുന്നേരം ഉത്തരമേഖലാ ഡിഐജി എസ്. സന്തോഷിന് അന്വേഷണ റിപ്പോർട്ട് കൈമാറി.
സംഭവസമയം ഉദ്യോഗസ്ഥരടക്കം നാലു ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സുചന. ജയിൽ സൂപ്രണ്ട്. കെ. ശകുന്തള അവധിയിൽ ആയിരുന്നതിനാൽ അസിസ്റ്റന്റ് സൂപ്രണ്ട് കെ. രമയ്ക്കായിരുന്നു ചുമതല.
കണ്ണൂർ വനിതാ ജയിലിൽ നിലവിൽ തടവുകാരെക്കാൾ ജീവനക്കാരുണ്ട്. 20 തടവുകാർക്കായി ഇവിടെ 23 ജീവനക്കാരുണ്ട്. റീജണൽ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഡിഐജി എസ്. സന്തോഷ് 29ന് വനിതാ ജയിലിലെത്തി വിവരങ്ങൾ ശേഖരിക്കും. മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങിമരിച്ചത് സുരക്ഷാവീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
കൂട്ടക്കൊലക്കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുത്തില്ലെന്നാണ് ആക്ഷേപം. കൊലക്കേസ് പ്രതികളെ പുറംജോലിക്ക് നിയോഗിക്കുന്പോൾ പുലർത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിൽ ഉണ്ടായില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
സെല്ലിനു പുറത്ത് തടവുകാരെ ജോലിക്കു വിടുന്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാൽ ജോലിസ്ഥലത്തുനിന്നും സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥർ അറിയുന്നത് മരക്കൊന്പിൽ തുങ്ങിയശേഷമാണ്.
ഇത്രയധികം ജീവനക്കാരുള്ള വനിതാ ജയിലിൽ സൗമ്യ തൂങ്ങിമരിച്ചത് ഗുരുതര പിഴവുകളിലേക്കാണു വിരൽചൂണ്ടുന്നത്. 23 ജീവനക്കാരള്ള സ്ഥലത്ത് സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത് നാലുപേർ മാത്രമായിരുന്നു. ഇത്രയും വിശാലമായ ജയിൽവളപ്പിൽ സൗമ്യയുടെ അസാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാത്തത് വലിയ വീഴ്ചയായാണ് കാണുന്നത്. രാവിലെ ആറിനാണ് ജോലിക്കായി തടവുകാരെ സെല്ലിൽ നിന്നും പുറത്തിറക്കിയത്.
രാവിലെ 7.30ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. തുടർന്ന് രാവിലെ 9.30നാണ് സഹതടവുകാരിയുടെ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ സൗമ്യയുടെ മൃതദേഹം കാണുന്നത്. റിമാൻഡ് തടവുകാർ ജയിലിനുള്ളിൽ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ സഹതടവുകാരുടെ വസ്ത്രം എങ്ങനെ സൗമ്യയുടെ കൈയിലെത്തിയതെന്ന് പോലീസും പരിശോധിക്കുന്നുണ്ട്.
സാധാരണ ശിക്ഷിക്കപ്പെട്ട തടവുകാർക്കു മാത്രമാണ് ജയിൽ ജോലി നൽകുക. എന്നാൽ റിമാൻഡ് തടവുകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അവർക്കും ജോലി നൽകാം. പ്രതിയുടെ മാനസികനില, ഉൾപ്പെട്ട കേസിന്റെ സ്ഥിതി എന്നിവ നോക്കിയാണ് ഇത് തീരുമാനിക്കേണ്ടത്. ജയിലിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് വനിതാ ജയിൽ സൂപ്രണ്ട് പ്രാഥമിക റിപ്പോർട്ട് ഉത്തരമേഖലാ ജയിൽ ഡിഐജിക്ക് നൽകിയതായും അറിയുന്നു.
ഇതിനിടെ ആത്മഹത്യാ സംബന്ധിച്ച് ടൗൺ സിഐ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന് (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവർനാലു മാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലാണ് സൗമ്യ റിമാൻഡിൽ കഴിയുന്നത്.
മരിച്ചവരുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു സൗമ്യ നടത്തിയ കൊലപാതകങ്ങളാണെന്നു തെളിഞ്ഞത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കുറ്റപത്രം അടുത്തിടെയാണു പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതിനിടെയിലാണ് ഇവരുടെ ആത്മഹത്യ.