തൃശൂർ: പോലീസ് അക്കാദമിയിൽ വനിത ട്രെയിനികൾക്ക് പരിശീലനം മാത്രമല്ല പീഡനവും പ്രണയവും അതിജീവിക്കേണ്ട ഗതികേട്. മേലുദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ പരാതി കൊടുത്താലും നടപടിയില്ല. പ്രതികാര നടപടി ഭയന്ന് വനിത ട്രെയിനികളിൽ പലരും പരാതി കൊടുക്കാൻ പോലും തയ്യാറാകാറില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ സൗമ്യ(32) തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ആലുപ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ അജാസി(33)നെ പരിചയപ്പെടുന്നത്. പരിശീലന കാലയളവിൽ ഇത്തരത്തിൽ പല പ്രണയങ്ങളും നടത്തുന്നതിന് സ്വതന്ത്രമായ സാഹചര്യമാണ് പോലീസ് അക്കാദമിയിലുള്ളത്.
പരിശീലന കാലയളവിൽ ഉത്തമ പോലീസ് സേനയുടെ അംഗങ്ങളാകുന്നവർ തന്നെ പീഡനത്തിൽ നിന്നും പ്രണയാഭ്യർഥനകളിൽ നിന്നും രക്ഷപെടാനുള്ള വഴികൾ തേടേണ്ട സാഹചര്യമാണിവിടെ. സൗമ്യയും അജാസും തമ്മിലുള്ള പ്രണയം ഒടുവിൽ പണം കൈമാറ്റത്തിൽ വരെ എത്തിയിരുന്നു.
അജാസിന്റെ കൈയിൽ നിന്ന് ഒന്നര ലക്ഷം രൂപ കടമായി വാങ്ങിയത് തിരിച്ചു വാങ്ങാതെ സൗമ്യയെ സ്വന്തമാക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ട്രെയിനിംഗ് കഴിഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിക്ക് ചേർന്നെങ്കിലും അടുപ്പം തുടർന്നിരുന്നു. എന്നാൽ ട്രെയിനിംഗ് കഴിഞ്ഞതോടെ സൗമ്യ കുടുംബവുമായി ബന്ധത്തിൽ അജാസിനെ ഒഴിവാക്കാൻ നോക്കിയതാണ് പ്രശ്നത്തിന് കാരണമായത്.
പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തെങ്കിലും തിരിച്ചയച്ചതോടെ അമ്മയുമായി പോയി അജാസിനെ കണ്ട് കൊടുക്കാൻ ശ്രമിച്ചിരുന്നു. അന്നും പണം വാങ്ങാതെ തിരിച്ചയച്ചു. ഭർത്താവ് ഗൾഫിലായിരുന്ന സൗമ്യ അടുപ്പം വീട്ടിലറിഞ്ഞാൽ പ്രശ്നമാകുമെന്ന് കണ്ടതോടെയാണ് അജാസിനെ ഒഴിവാക്കാൻ ശ്രമിച്ചത്. ഇതിന് പ്രതികാരം തീർക്കാനാണ് കൊലപ്പെടുത്തിയതത്രേ.
പോലീസ് അക്കാദമിയിൽ പരിശീലനത്തിനിടെ രണ്ട് വനിത സബ് ഇൻസ്പെക്ടർ ട്രെയിനികളെ പീഡിപ്പിച്ചതായി പരാതി നൽകിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. ഒരു അസിസ്റ്റന്റ് കമൻഡാന്റാണ് വനിത സബ് ഇൻസ്പെക്ടർമാരെ പീഡിപ്പിച്ചത്. അക്കാദമി ഡയറക്ടര് എഡിജിപി ബി.സന്ധ്യയ്ക്ക് തന്നെയാണ് പരാതി നൽകിയത്. ഒന്നര മാസം മുന്പാണ് സംഭവം. എന്നാൽ പരാതി നൽകിയതോടെ വനിത ട്രെയിനികളെ പീഡിപ്പിച്ച ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയാണത്രേ.
വനിത ട്രെയിനികൾക്ക് പരിശീലനം കൊടുക്കുന്നതിനിടയിൽ ആറടി ഉയരമുള്ള മതിലിൽ കയറുന്നതിനിടെയാണ് അതുവഴി വന്ന അസിസ്റ്റന്റ് കമൻഡാന്റ് ദേഹത്ത് സ്പർശിക്കുകയും ലൈംഗികപരമായി സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറുകയും ചെയ്തതത്രേ.
വനിത ട്രെയിനികൾ ഉടൻ തന്നെ ഭർത്താക്കൻമാരെ വിവരമറിയിക്കുകയും ഇവർ അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നു. വനിത പോലീസ് ട്രെയിനികൾക്ക് പോലീസ് അക്കാദമിയിൽ തന്നെ സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യം ഇപ്പോൾ പുറത്തേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൊലപാതകം.