പി. ജയകൃഷ്ണൻ
കണ്ണൂർ: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയെന്ന കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലായിരുന്ന തടവുകാരി പിണറായിയിലെ സൗമ്യ ജയിൽവളപ്പിൽ ജീവനൊടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ് മറികടന്നാണ് ഇവരെ തിരിച്ചെടുത്തതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വനിതാ ജയിൽ സൂപ്രണ്ടായിരുന്ന പി. ശകുന്തള, അസിസ്റ്റന്റ് സൂപ്രണ്ട് സി.സി. രമ എന്നിവരുടെ സസ്പെൻഷനാണ് റദ്ദാക്കിയത്.
പി. ശകുന്തളയെ തിരുവനന്തപുരം വനിതാ തുറന്ന ജയിൽ സൂപ്രണ്ടായാണ് നിയമിച്ചത്. നിലവിൽ ഇവിടെ സൂപ്രണ്ടായിരുന്ന സോഫിയാ ബീവിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയാണ് നിയമനം. സി.സി. രമയെ ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടാക്കി. തിരുവനന്തപുരം വനിതാ ജയിൽ സൂപ്രണ്ടായിരുന്ന ഒ.വി.വല്ലിയെ തിരിച്ചെടുത്ത് കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടായും ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് സുധയെ അസിസ്റ്റന്റ് സൂപ്രണ്ടായും നിയമിച്ചിട്ടുണ്ട്.
സൗമ്യ ജീവനൊടുക്കിയ സംഭവത്തിൽ സൗമ്യ ജയിലിൽ ജീവനൊടുക്കിയ സംഭവത്തിൽ കീഴ് ജീവനക്കാരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി അന്നേ ആരോപണം ഉയർന്നിരുന്നു. അസിസ്റ്റന്റ് പ്രിസണർമാരായ ദീപ, സോജ, മിനി എന്നിവരെയാണ് അന്ന് ജയിൽ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ ആദ്യം സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധിക്കുശേഷം ഇവരെ പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജയിലുകളിൽ നിയമനം നൽകി.
എന്നാൽ സൂപ്രണ്ടായിരുന്ന പി. ശകുന്തള, അസിസ്റ്റന്റ് സൂപ്രണ്ട് രമ, ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നിവർക്കെതിരേ വകുപ്പുനടപടികൾക്ക് ശിപാർശ ചെയ്ത ജയിൽ ഡിജിപി, ജയിൽ സൂപ്രണ്ട് ശകുന്തളയുടെ കാര്യം സർക്കാരിന് വിടുകയായിരുന്നു. പത്തുവർഷമായി കണ്ണൂരിൽ സൂപ്രണ്ടായി തുടരുന്ന ശകുന്തളയ്ക്കും കാര്യമായ പോറലേൽക്കാൻ സാധ്യതയില്ലെന്ന് അന്നുതന്നെ റിപ്പോർട്ടുണ്ടായിരുന്നു. ജയിൽ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദമാണ് നടപടി വേഗത്തിൽ മരവിപ്പിക്കാൻ ഇടയാക്കിയെന്നതെന്നാണ് ആരോപണം.
ഒരു സംസ്ഥാന നേതാവാണ് ഇതിനു ചുക്കാൻ പിടിക്കുന്നതെന്നും പറയുന്നു. അന്ന് ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ ഏറ്റവും വലിയ വീഴ്ച സംഭവിച്ചത് അസിസ്റ്റന്റ് സൂപ്രണ്ട് സി.സി.രമയ്ക്കാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വകുപ്പുതല അന്വേഷണംതന്നെ ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തം.
വനിതാ ജയിലിൽ ഉണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും ജോലിയിലും രീതികളിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഡ്യൂട്ടിക്ക് കയറുന്നതും ഇറങ്ങുന്നതും ഓരോരുത്തരുടെ സൗകര്യത്തിനനുസരിച്ചാണെന്നായിരുന്നു ആക്ഷേപം. ഉത്സവ അവധി നാളിൽ ജോലി വീതം വച്ച് നൽകിയതിലും വീഴ്ച സംഭവിച്ചിരുന്നുവെന്നും അന്ന് ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സെല്ലിനു പുറത്ത് തടവുകാരെ ജോലിക്കു വിടുന്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാൽ ജോലിസ്ഥലത്തുനിന്നും സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥർ അറിയുന്നത് മരക്കൊന്പിൽ തുങ്ങിയശേഷമാണ്. കൊലക്കേസ് പ്രതികളെ പുറംജോലിക്ക് നിയോഗിക്കുന്പോൾ പുലർത്തേണ്ട ജാഗ്രതയും സൗമ്യയുടെ കാര്യത്തിൽ ഉണ്ടായില്ല. 2018 ഓഗസ്റ്റ് 24 നാണ് സൗമ്യയെ തൂങ്ങിമരിച്ചനിലയിൽ കാണുന്നത്.