സൗമ്യ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ഡോ.ഹിതേഷ്ശങ്കര്‍; ‘ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തിയതു ഡോ.ഷേര്‍ളി വാസുവിന്‍െറ റിപ്പോര്‍ട്ടെന്ന് “

soumyaതൃശൂര്‍: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാന്‍ കാരണം  ഡോ.ഷേര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടാണെന്നും, സ്വാര്‍ത്ഥ താത്പര്യത്തിനും പ്രശസ്തിക്കും വേണ്ടി മറ്റൊരാള്‍ ചെയ്ത കേസ് ഏറ്റെടുത്തതു കൊണ്ടാണ്, കേസിനെക്കുറിച്ചുള്ള  മുഴുവന്‍ സത്യവും കോടതിയില്‍ അറിയിക്കാന്‍ കഴിയാതിരുന്നതെന്നും പ്രമുഖ ഫോറന്‍സിക് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കര്‍. ഗുരുതര ആരോപണങ്ങളാണ് ഡോ.ഹിതേഷ് ശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെയും, സൗമ്യയുടെ അമ്മ സുമതിയുടെയും പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കേ പ്രോസിക്യൂഷന്‍ വീഴ്ചയെ സുപ്രീംകോടതി വീണ്ടും ചൂണ്ടിക്കാണിച്ച ഇന്നലെത്തന്നെ പുറത്തിറങ്ങിയ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫോറന്‍സിക് സര്‍ജനും, അന്നു ഗോവിന്ദച്ചാമിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ആളുമായ ഡോ.ഹിതേഷ് ശങ്കറിന്റെ ആരോപണങ്ങള്‍.  പീഡനത്തിനുശേഷം സൗമ്യ അഞ്ചുദിവസത്തോളം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വളരെ നല്ല ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഇത്തരം രോഗികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ആദ്യം ചെയ്യുന്നതു ശ്വാസ തടസമുണ്ടാകുന്ന ശ്വാസനാളത്തിലെ രക്തവും മറ്റു പദാര്‍ത്ഥങ്ങളും നീക്കം ചെയ്ത് ശ്വസനം സുഗമമാക്കുക എന്നുള്ളതാണ്.

അഞ്ചുദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം സമയത്തു ശ്വാസനാളത്തില്‍ രക്തമുണ്ടെന്നു പറയുന്നതു ശാസ്ത്രീയ സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കില്ല. ചികിത്സിച്ച ഡോക്ടറെ പ്രതിക്കൂട്ടിലാക്കുന്നതിനു തുല്യമാണത്. അതുകൊണ്ടു തന്നെയാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതിക്ക് അനുവദിക്കാന്‍ കഴിയാതിരുന്നതും. നേരിട്ടു പോസ്റ്റുമോര്‍ട്ടം പരിശോധന നടത്താതിരുന്നതിന്‍െറ ന്യൂനത കൊണ്ടാണിത്. ഒന്നും രണ്ടും മുറിവുകള്‍ ഒറ്റക്കൊറ്റയ്ക്കു മരണം ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശത്തിലേക്കു രക്തം പോകുന്നത് ഒരു മരണകാരണം മാത്രമാണ്. ട്രെയിനില്‍നിന്ന് തള്ളിയിടുന്നതിലും, കല്ലെടുത്തു കുത്തിയതിലും ഗോവിന്ദച്ചാമിക്കു നേരിട്ടു പങ്കുണ്ടെന്നു തെളിയിക്കാന്‍ കഴിയുമായിരുന്നു. തള്ളിയിട്ടതായി കുറ്റസമ്മതത്തില്‍ ഗോവിന്ദച്ചാമി പറയുന്നുണ്ട്.

ചാടിയതാണെന്നു ദൃക്‌സാക്ഷിയും. ഇതു രണ്ടുമല്ലാത്ത സ്റ്റേറ്റ്‌മെന്റാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഡോ.ഷേര്‍ളി വാസു നല്‍കിയത്. സൗമ്യക്കു ചാടാനുള്ള ആരോഗ്യമുണ്ടായിരുന്നില്ലെന്നും, പുറത്തേക്ക് എറിയുകയായിരുന്നുവെന്നുമാണ് ഷേര്‍ളി വാസു പറയുന്നത്.     കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ കഥകള്‍ മെനയുകയായിരുന്നു ഷേര്‍ളി വാസു. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ശശിധരനും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശനും മറ്റു കാര്യങ്ങളിലേക്കൊന്നും കടക്കാതെ ഈ കെട്ടുകഥ വിശ്വസിച്ചു. പോസ്റ്റുമോര്‍ട്ടം പരിശോധനാസമയത്തു പൂര്‍ണമായും ഇല്ലാതിരുന്നതിന്റെ യാഥാര്‍ഥ്യബോധം അന്വേഷണോദ്യോഗസ്ഥനും പ്രോസിക്യൂട്ടര്‍ക്കും ഉണ്ടായില്ല.

കൊലപാതകക്കുറ്റം തെളിയിക്കണമെങ്കില്‍ അതിനുള്ള ഉദ്ദേശ്യവും അറിവും വേണം.  ഇതില്ലാത്തതുകൊണ്ടാണ് ഗോവിന്ദച്ചാമിയുടെ പേരില്‍ കൊലപാതകക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നു സുപ്രീംകോടതി പറഞ്ഞത്. ഷേര്‍ളി വാസുവിന്‍െറ കെട്ടുകഥയാണ് സൗമ്യക്കു നീതി നിഷേധിക്കപ്പെടാന്‍ കാരണമെന്നും ഡോ.ഹിതേഷ് ശങ്കര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഹിതേഷ് ശങ്കര്‍ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി എക്‌സ്ട്രാ ജുഡീഷല്‍ കണ്‍ഫഷനായി കണക്കിലെടുത്തായിരുന്നു വിചാരണക്കോടതിയുടെ വിധി. പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ.എ.കെ.ഉന്മേഷാണെന്ന വിചാരണക്കോടതിയിലെ വാദമായിരുന്നു ഏറെ വിവാദമായത്. ഈ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കത്തില്‍ ഡോ.ഉന്മേഷ് നല്‍കിയ മാനനഷ്ടക്കേസ് ഇന്നലെയാണ്  തൃശൂര്‍ സിജെഎം കോടതി പരിഗണിക്കാനിരുന്നത്. ഡോ.ഷേര്‍ളി വാസുവിനോട് നേരിട്ടു ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍  കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

Related posts