ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയെന്നു സുപ്രീം കോടതി. പ്രതി ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ നല്കിയ പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയുമാണ് ഹര്‍ജികള്‍ നല്‍കിയത്.
വധശിക്ഷ ഒഴിവാക്കിയത് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്. കുറ്റം ചെയ്തതിന് 101 ശതമാനം തെളിവുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നല്കാന് കഴിയൂ. സംശയത്തിന്റെ കണികയുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാവില്ല. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷന് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ്. സാക്ഷി മൊഴിയനുസരിച്ച് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവില്ല. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കണം. സൗമ്യ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടെന്നാണ് സാക്ഷിമൊഴി. വികലാംഗനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രോസിക്യൂഷന് സെല്‍ഫ് ഗോളടിച്ചാണോ കേസില്‍ തോറ്റത് എന്നു വേണമെങ്കില്‍ പരിശോധിക്കാം– കോടതി വ്യക്തമാക്കി. സാക്ഷിമൊഴിയാണോ ഡോക്ടറുടെ മൊഴിയാണോ വിശ്വസിക്കേണ്ടതെന്നും സുപ്രീം കോടതി പ്രോസിക്യൂഷനോടു ചോദിച്ചു.
ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്കു മാറ്റി.
സൗമ്യയെ കൊലപ്പെടുത്തിയതു ഗോവിന്ദച്ചാമിയാണെന്നതിനു കൃത്യമായ തെളിവുകളുണ്ടെന്നു വാദിച്ച സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും കൊലക്കുറ്റം ചുമത്തി പ്രതിക്കു വധശിക്ഷ വിധിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സൗമ്യയെ ട്രെയിനിനുള്ളില്‍ വച്ചുതന്നെ ഗോവിന്ദച്ചാമി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഇതു തലയിലേറ്റ ഒന്നാമത്തെ പ്രധാന മുറിവില്‍ നിന്നും ശാസ്ത്രീയ പരിശോധനകളില്‍നിന്നും വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ തലയിലെ രണ്ടാമത്തെ മുറിവിനെ മാറ്റി നിര്‍ത്തി കൊലപാതക കുറ്റം റദ്ദാക്കാനാവില്ല.
തലയിലുണ്ടായ മൂന്നു മുറിവുകള്‍ ചേര്‍ന്നാണ് മരണം സംഭവിച്ചത്. അതുകൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമം 300—ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം നിലനില്ക്കും. ട്രെയിനില്‍നിന്നു സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണ്. മാനഭംഗപ്പെടുത്തിയശേഷം വകവരുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഇതു സാഹചര്യത്തെളിവുകളില്‍നിന്ന് വ്യക്തമാണ്. സൗമ്യ ട്രെയിനില്‍നിന്നു ചാടുന്നതു കണ്ടുവെന്ന പറഞ്ഞറിവ് മാത്രമാണ് സാക്ഷികള്‍ക്കുള്ളത്. ഇതു മാറ്റി നിര്‍ത്തിയാലും കൊലക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകളുണ്ട് തുടങ്ങിയ വാദങ്ങളും ഹര്‍ജിക്കാര്‍ സുപ്രീം കോടതിക്കു മുമ്പില്‍ ഉയര്‍ത്തി.