തലശേരി: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം വൈക്കത്തേക്ക് പോകും. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡിലിരിക്കെ കണ്ണൂര്‍ വനിതൈ ജയിലില്‍ ജീവനൊടുക്കിയ പ്രതി സൗമ്യയുടെ സഹോദരി സന്ധ്യയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് വൈക്കത്തേക്ക് പോകുന്നത്. സന്ധ്യ കുടുംബത്തോടൊപ്പം വൈക്കത്താണ് താമസിച്ചു വരുന്നത്.
കുട്ടികളുടെ പഠിത്തം മുടങ്ങുമെന്നതിനാലാണ് സന്ധ്യയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വൈക്കത്തേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് ചോദ്യം ചെയ്യും.ക്രൈംബ്രാഞ്ച് സംഘം കൂട്ടക്കൊല നടന്ന പിണറായി വണ്ണത്താന്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
ബന്ധുക്കളും അയല്‍വാസികളുമായ ആറുപേരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. കൂട്ടക്കൊലപാതകത്തില്‍ സൗമ്യക്ക് സഹായി ഉണ്ടെന്ന സംശയമാണ് ബന്ധുക്കളും അയല്‍വാസികളും ക്രൈംബ്രാഞ്ച് സംഘത്തിനോട് പങ്കു വെച്ചിട്ടുള്ളതെന്നറിയുന്നു. അതു പോലെ തന്നെ ജയിലിലെ സൗമ്യയുടെ ആത്മഹത്യയെകുറിച്ചും ദുരൂഹതയുള്ളതായി ബന്ധുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള സംഭവമായതിനാല്‍ എഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്, ഐ.ജി എസ്.ശ്രീജിത്ത് എന്നിവരുടെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. എസ്പി പി.ബി രാജീവ്, ഡിവൈഎസ്പി യു.പ്രേമന്, സിഐമാരായ എം.വി അനില്‍കുമാര്‍, സനല്‍കുമാര്‍, എസ്ഐമാരായ ജോയ് മാത്യു, രഘുനാഥന്, എഎസ്ഐ പുഷ്കരാക്ഷൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൂട്ടക്കൊലപാതകവും സൗമ്യയുടെ ആത്മഹത്യയും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് ഏറ്റെടുത്തിട്ടുള്ളത്.കൂട്ടക്കൊലയില്‍ സൗമ്യക്കൊപ്പം മറ്റ് പലര്‍ക്കും പങ്കുള്ളതായി സഹോദരി സന്ധ്യയുള്പ്പെടെയുള്ള കുടുംബാങ്ങളും നാട്ടുകാരും ആദ്യം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു.സമഗ്ര അന്വാഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.