ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മനപ്പടിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ സൗമ്യ (33) വെട്ടേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ പടിഞ്ഞാറെ ചാലക്കുടി കണ്ടംകുളത്തി ലൈജു(38)വിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിനുശേഷം ആത്മഹത്യക്കു ശ്രമിച്ച ലൈജു സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ലൈജുവിനെ ഇന്നലെ വൈകീട്ടാണ് പോലീസ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ഥിരമായി മദ്യപിച്ചിരുന്ന ലൈജു ഭാര്യ സൗമ്യയുമായി വഴക്കിടുന്നതും അവരെ മർദിക്കുന്നതും പതിവായിരുന്നു. ലൈജുവിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകാൻ ഒരുങ്ങിയ സൗമ്യയെ ക്രൂരമായി മർദിച്ചിരുന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സൗമ്യ തന്റെ മുഖത്തേറ്റ പരിക്കുകൾ മൊബൈൽ ഫോണിൽ പകർത്തി ഭർത്താവിന്റെ ബന്ധുക്കളിൽ ചിലരെ കാണിക്കുകയും ചെയ്തു. സ്വന്തം വീട്ടുകാരുമായി വഴിക്കിലായിരുന്ന ലൈജു സഹോദരന്റെ വിവാഹത്തിന് സൗമ്യ പോകുന്നത് എതിർത്തതാണ് വഴക്കിനു കാരണം.
മനസമ്മതത്തിന് ഭർത്താവിന്റെ എതിർപ്പ് അവഗണിച്ച് സൗമ്യ പങ്കെടുത്തിരുന്നു. മനസമ്മത്തിലും വിവാഹത്തിലും ലൈജു പങ്കെടുത്തിരുന്നില്ല. തന്നെ മർദിച്ചതിന് സൗമ്യ പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ ബന്ധുക്കൾ തമ്മിൽ പ്രശ്നം പറഞ്ഞുതീർക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മകനോടൊപ്പം അടുത്ത മുറിയിൽ ഉറങ്ങിയിരുന്ന സൗമ്യയെ രാത്രി 11 മണിയോടെ ലൈജു വിളിച്ചുണർത്തി തന്നോടൊപ്പം ഉറങ്ങാൻ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് കമിഴ്ത്തിക്കിടത്തി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കഴുത്തു മുറിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സൗമ്യയാണ് തന്നെ ആദ്യം ആക്രമിച്ചതെന്നും, രക്ഷപ്പെടാൻവേണ്ടി കത്തി വാങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് ലൈജു പോലീസിനോട് പറഞ്ഞ്.എന്നാൽ, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമായാണ് പോലീസ് ഇതിനെ കാണുന്നത്.
ഇക്കാര്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ്പറഞ്ഞു. കൊലപാതകത്തിനുശേഷം പരിഭ്രാന്തിയിലായ ലൈജു സ്വന്തം കഴുത്തും കൈഞരന്പും മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈയിൽനിന്നും രക്തം വാർന്നൊഴുകിയപ്പോൾ കുളിമുറിയിൽ പോയി കഴുകിയിരുന്നു. ഇതാണ് കുളിമുറിയിൽ കാണപ്പെട്ട രക്തമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത ലൈജുവിനെ കൊലപാതകംനടന്ന വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.