കായംകുളം: വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്താൻ സുഹൃത്തായ പോലീസുകാരൻ അജാസ് നേരത്തേതന്നെ പദ്ധതി തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തി.
എന്നാൽ, അജാസ് നിരന്തരമായി സൗമ്യയെ ശല്യം ചെയ്തു ഭീഷണിപ്പെടുത്തിയതിനെതിരേ വള്ളികുന്നം പോലീസിൽ ബന്ധുക്കളുടേതായി രേഖാമൂലം യാതൊരു പരാതിയും ഇതിനു മുന്പ് ലഭിച്ചിട്ടില്ലെന്നു വള്ളികുന്നം പോലീസ് വ്യക്തമാക്കി. അജാസും സൗമ്യയുമായുള്ള അടുപ്പത്തെ സംബന്ധിച്ചും വള്ളികുന്നം പോലീസിനു യാതൊരു അറിവും മുന്പ് ലഭിച്ചിട്ടില്ലെന്നും വള്ളികുന്നം എസ്ഐ ഷൈജു ഇബ്രാഹിം ദീപികയോടു പറഞ്ഞു.
എറണാകുളത്തുനിന്നെടുത്ത വാടകക്കാറിലാണ് അജാസ് എത്തിയതെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. കാറിന്റെ ഉടമയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോൾ കുപ്പികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച രക്തസാന്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ലിബിയയിലുള്ള ഭർത്താവ് സജീവൻ ബുധനാഴ്ച നാട്ടിലെത്തും. തുടർന്നാവും സംസ്കാരം.