കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിലെ വനിതാ ജയിലിൽ വിചാരണ തടവുകാരി പിണറായി പടന്നക്കരയിലെ സൗമ്യ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ജയിൽ ഡിഐജി എസ്.സന്തോഷ് ഇന്നലെ കണ്ണൂർ വനിതാ ജയിലിൽ സന്ദർശനം നടത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച റീജണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷ് കഴിഞ്ഞദിവസം ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജയിൽ ഡിഐജിയുടെ സന്ദർശനം. ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടി സംബന്ധിച്ച് ജയിൽ ഡിജിപിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
ജയിലിലെ അന്തേവാസി കൊല്ലപ്പെട്ടാലും ആത്മഹത്യ ചെയ്താലും അത് ഉദ്യോഗസ്ഥരുടെ വീഴ്ച തന്നെയാണെന്ന് ജയിൽ ഡിഐജിയുടെ ഇന്നലെ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടാണ് ഡിജിപിക്ക് നല്കിയിട്ടുള്ളത്.