നവാസ് മേത്തര്‍
തലശേരി: കാമുകന്മാര്ക്കൊപ്പം തടസങ്ങളില്ലാതെ “സുഖ’ ജീവിതം നയിക്കാന്‍ സ്വന്തം മാതാപിതാക്കളേയും മകളേയും വിഷം കൊടുത്തു കൊന്ന കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ആത്മഹത്യാകുറിപ്പുകളുടേയും ഡയറികുറിപ്പുകളുടേയും പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച്സംഘം സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
സംഭവത്തെക്കുറിച്ച് ലോക്കൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് രാഷ്ട്രദീപികയോട് പറഞ്ഞു.
സൗമ്യയുടേയത് ഡയറിക്കുറിപ്പുകളെന്ന് പറയാനാവില്ല, ഇന്നയാളാണെന്ന് ചെയ്തതെന്നും സൗമ്യ കുറിപ്പില്‍ പറയുന്നില്ല. സൗമ്യയുടെ കുറിപ്പുകളില്‍ പറഞ്ഞിട്ടുള്ള ചില വിവരങ്ങള്‍ നേരത്തേയും പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണവും നടന്നിരുന്നു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും ക്രൈംബ്രാഞ്ച് സംഘവും ലോക്കല്‍ പോലീസും വിശദമായി കാര്യങ്ങള്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വനിതാ ജയിലില്‍ തൂങ്ങി മരിച്ച സൗമ്യയുടെ ഡയറിക്കുറിപ്പുകളും ആത്മഹത്യാകുറിപ്പും വിശദമായി പരിശോധിച്ചു വരികയാണെന്നും സംഭവത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഐജി മഹിപാല്‍ യാദവും വ്യക്തമാക്കി.
മരിക്കാന്‍ തീരുമാനമെടുത്തപ്പോഴും സൗമ്യ താനല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന് ആവര്‍ത്തിക്കുകയും ഡയറിക്കുറിപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയ ആളെക്കുറിച്ച് സൂചനയെന്നപോലെ ‘അവന്’ എന്ന് പറഞ്ഞിട്ടുള്ളതും പോലീസ് ഗൗരമായി തന്നെ കാണുന്നുണ്ട്.
സൗമ്യയുടെ കുറിപ്പുകള്‍ തള്ളിക്കളയുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത തലശേരി എഎസ്പി ചൈത്ര തെരേസ ജോണും വ്യക്തമാക്കി.
തലശേരി സിഐയായിരുന്ന കെ.ഇ.പ്രേമചന്ദ്രനാണ് സൗമ്യയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം പൂര്‍ത്തിയാക്കിയതും. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചത് പിന്നീട് ചുമതലയേറ്റ ടൗണ്‍ സിഐ എം.പി. ആസാദായിരുന്നു. മൂന്ന് കുറ്റപത്രങ്ങളും സമര്‍പ്പിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.
സംഭവത്തില്‍ മറ്റ് ചിലര്‍ക്ക് പങ്കുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് പേര് നിരീക്ഷണത്തിലുമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്ന അവസാന നിമിഷംവരെ ഇവരില്‍ ചിലരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുമെന്ന് സൂചനയുമുണ്ടായിരുന്നു. എന്നാല്‍ ഇവരെയെല്ലാം ചോദ്യം ചെയ്ത പോലീസ് സംഘം ഇവരെല്ലാം നിരപരാധികളാണെന്ന നിഗമനത്തിലാണ് എത്തിയത്.
പുതിയ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴല്‍ വീണ്ടും ചിലരുടെയെങ്കിലും നേരെ പതിയുകയാണ്.നിട്ടൂരിനടുത്ത ഒരു വീട്ടില്‍ സൗമ്യയെ കൊണ്ടു പോയ വടക്കുമ്പാട് സ്വദേശി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തേയും പോലീസ് വിവിധ ഘട്ടങ്ങളിലായ നിരീക്ഷിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്നിട്ടുള്ള കൂട്ടക്കൊലപാതകത്തേകുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂട്ടക്കൊല നടന്ന പിണറായി പടന്നക്കരയിലെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആസൂത്രിതമായ അന്വേഷണത്തിനൊടുവിലാണ് സൗമ്യ അറസ്റ്റിലാവുകയും ചെയ്തത്.
പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 )പേരക്കുട്ടി ഐശ്വര്യ കിഷോർ (എട്ട് വയസ്) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ മരണത്തോടെ കേസില്‍ വീണ്ടും ദുരൂഹതചയേറുകയാണ്.
മകള്‍ ഐശ്വര്യയെ കിങ്ങിണി കുട്ടി എന്ന് അഭിസംബോധന ചെയ്തു കൊണ്ട് സൗമ്യ എഴുതിയിട്ടുള്ള ഡയറി കുറിപ്പുകളാണ് ഇപ്പോള്‍ ഈ കേസ് വീണ്ടും സജീവ ചര്ച്ചക്കിടയാക്കിയിട്ടുള്ളത്. കടുംബം തനിക്ക് ബാധ്യതയായിരുന്നില്ലെന്നും കൊല നടത്തിയ അവനെ കൊന്ന് യാഥാര്‍ത്ഥ കൊലയാളിയായി താന്‍ ജയിലിലേക്ക് മടങ്ങുമെന്നും ഡയറികുറിപ്പിലുണ്ടെന്നാണ് സൂചന.