തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ ജയിൽ ഡിജിപി ആർ. ശ്രീലേഖ സസ്പെൻഡ് ചെയ്തു. കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാനും ജയിൽ ഡിജിപി ശിപാർശ ചെയ്തു. സൂപ്രണ്ട് അടക്കം ആറ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് സൗമ്യയുടെ ആത്മഹത്യക്കു കാരണമായതെന്നു ഉത്തരമേഖല ജയിൽ ഡിഐജി പ്രദീപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൗമ്യ ജയിലുള്ളിൽ ആത്മഹത്യ ചെയ്ത ദിവസം വനിതാ ജയിൽ ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ മാത്രമാണ്. 24ന് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ചുമതലയുണ്ടായിരുന്ന അസിസ്റ്റ് സൂപ്രണ്ട് ജോലിക്കെത്തിയത് രാവിലെ 11 ന് ആയിരുന്നു.
ഇരുപത്തിമൂന്ന് ജയിൽ സുരക്ഷ ജീവനക്കാരുമുള്ളപ്പോഴാണ് നാലുപേർമാത്രം ജോലിക്കെത്തിയത്. സംഭവം നടന്ന ദിവസം സൗമ്യയെയും മറ്റു രണ്ട് തടവുകാരെയും ലോക്കപ്പിൽ നിന്നുമിറക്കി ഡയറി ഫാമിലേക്ക് അയച്ചു. രാവിലെ എട്ടോടെ സൗമ്യക്കൊപ്പമുണ്ടായ മറ്റു തടവുകാരെ ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫിസർ പുറത്തേക്ക് കൊണ്ടുപോയി. ഈ സമയം തനിച്ചായ സൗമ്യയെ ആരും നിരീക്ഷിക്കാനുമില്ലായിരുന്നു.
തടവുകാരും ജയിൽ ജീവനക്കാരും ചേർന്ന് ഗേറ്റിന് സമീപം അത്തപ്പൂക്കളമിടുന്നത് നിരീക്ഷിച്ച ശേഷമാണ് സൗമ്യ ഡയറി ഫാമിനു പിന്നിൽ തൂങ്ങിമരിച്ചതെന്നു അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജയിലിലെ ജീവനക്കാരുടെയും മറ്റു തടവുകാരുടെയും നീക്കങ്ങൾ പരിശോധിക്കാൻ പല കാരണങ്ങൾ പറഞ്ഞു സൗമ്യ ഗേറ്റിന് അടുത്ത് വരെ വന്നിട്ടും ആരും ശ്രദ്ധിച്ചില്ല. മാത്രമല്ല സൗമ്യ മരിച്ച് ഒരു മണിക്കൂറിന് ശേഷമാണ് അക്കാര്യം അധികൃതർ അറിഞ്ഞതെന്നതും ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.