ബരാസത്: ദേശീയ ടേബിള്‍ ടെന്നീസ് താരവും അര്‍ജുന അവാര്‍ഡ് ജേതാവും ഒളിന്പ്യനുമായ സൗമ്യജിത് ഘോഷിനെ ടേബിൾ ടെന്നീസ് ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. ഇതോടെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സൗമ്യജിത് കളിക്കില്ലെന്ന് ഉറപ്പായി.
ടേബിൾ ടെന്നീസ് ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡാണ് സൗമ്യജിത്തിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനം അറിയിച്ചത്. സസ്പെൻഷൻ കാലാവധിയിൽ താരങ്ങൾക്ക് ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കളിക്കാനാവില്ല. ഇതാണ് സൗമ്യജിത്തിന്റെ കോമൺവെൽത്ത് സ്വപ്നം തകർത്തത്.
പതിനെട്ടുകാരിയായ മുൻ കാമുകി നല്കിയ പരാതിയിലാണ് ബരാസത് പോലീസ് സൗമ്യജിത് ഘോഷിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പതിനഞ്ചാമത്തെ വയസില്‍, 2014 ല്‍ ആണ് താന്‍ സൗമ്യജിത് ഘോഷിനെ കണ്ടുമുട്ടുന്നതെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി താനും ഘോഷും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്ത് ഘോഷ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.