ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സംഭവത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പ്രോസിക്യൂട്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കേജരിവാൾ നിർദേശിച്ചു. സംഭവം ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു. കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ അധികൃതരുടെ ഉദാസീന നിലപാടുകൾ ചൂണ്ടിക്കാട്ടി സൗമ്യയുടെ അച്ഛൻ എം.കെ വിശ്വനാഥൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നും പൊള്ളയായ ഉറപ്പുകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വർഷമായി ഡൽഹി സാകേത് ജില്ലാ കോടതിയിൽ കേസിന്റെ വിചാരണ നടന്നുവരികയാണ്. വിാചരണ അന്തമായി നീട്ടുപോകുന്നതിൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. വിചാരണ നീണ്ടുപോകുന്നതിന്റെ കാരണം അറിയിക്കാൻ ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാകേത് ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ കുറ്റപത്രം സമർപ്പിച്ചിട്ട് ഒമ്പതരവർഷം കഴിഞ്ഞതിനാൽ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനും കോടതി നിർദേശം നൽകി.
വിചാരണ അവസാനിക്കാത്തതിന്റെ കാരണം റിപ്പോർട്ടിലുണ്ടാവണമെന്ന് ജസ്റ്റീസ് മുക്ത ഗുപ്ത പോലീസിന് നൽകിയ നോട്ടീസിൽ വ്യക്തമാക്കി. കേസിലെ പ്രതിയായ ബൽജീത്ത് മാലിക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. വിചാരണ വൈകിപ്പിക്കാതെ നിശ്ചിതസമയപരിധിക്കകം തീർക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന് 2008 സപ്തംബര്‍ 30-ന് രാത്രിയാണ് വെടിയേറ്റു മരിച്ചത്. സൗമ്യയുടെ കൊലപാതകികളെന്നു സംശയിക്കുന്നവരെ മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പോലീസ് പിടികൂടിയിരുന്നു.