ചെങ്ങന്നൂർ: തമിഴ് പേശി ക്ലാസ് മുറിയിലേക്ക് കടന്നു വന്ന ബാലിക കൊഞ്ചം, കൊഞ്ചമായി മലയാളം പറഞ്ഞു തുടങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തിന്റെ പൊൻതൂവലായി മാറുന്ന പദ്ധതിയായ മലയാളത്തിളക്കത്തിന്റെ പ്രത്യേകതയാണിത്.
മലയാളത്തിലൂടെ മലയാള ഭാഷ തെറ്റില്ലാതെ വായിക്കാൻ പഠിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ചെങ്ങന്നൂരിലെ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയും തമിഴ്നാട് സ്വദേശിനിയുമായ വി. സൗമ്യയാണ് മലയാളത്തിളക്കത്തിലൂടെ മലയാള ഭാഷ തെറ്റില്ലാതെ വായിക്കാൻ പഠിച്ചത്. തെങ്കാശിക്കടുത്തുള്ള നാടാർപെട്ടി ഗ്രാമത്തിലെ വേൽമുരുകൻ- രമ്യ ദന്പതിമാരുടെ മൂത്ത പുത്രിയാണ് സൗമ്യ.
അഞ്ചാംക്ലാസ് വരെ ടിഡിടിഡിഎ സ്കൂളിൽ തമിഴ്മീഡിയത്തിലാണ് സൗമ്യ പഠിച്ചത്. കഴിഞ്ഞ വർഷം ചെറിയനാട് പ്രദേശത്ത് പാത്ര കച്ചവടത്തിനായി എത്തിയതാണ് സൗമ്യയുടെ കുടുംബം. അധ്യയനവർഷം തുടങ്ങിയപ്പോൾ തന്നെ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നു.
ആറുമാസം കൊണ്ടാണ് അധ്യാപകരുടേയും സഹപാഠികളുടേയും നിരന്തരമായ ശിക്ഷണത്തിലൂടെ മലയാളം പഠിച്ചത്. തുടർന്ന് സ്മാർട് ക്ലാസ് റൂമിൽ ആധുനിക സംവിധാനങ്ങളുടെ സഹായത്താൽ, എട്ടുദിവസത്തെ മലയാളതിളക്കത്തിലൂടെ മലയാളം നന്നായി വായിക്കാനുള്ള പ്രാപ്തി സൗമ്യ നേടിയതായി അധ്യാപകനായ രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ക്കൂൾ അസംബ്ലിയിൽ സൗമ്യ മലയാള പുസ്തകം തെറ്റുകൂടാതെ വായിച്ചതോടെ മലയാളത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം സ്കൂൾ പിടിഎ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ നായർ നടത്തി. ഗ്രാമ പഞ്ചായത്തംഗം ജയലക്ഷ്മി ചടങ്ങിൽ പങ്കെടുത്തു.
പ്രഥമാധ്യാപിക ആശ വി. പണിക്കർ, അധ്യാപകരായ ജി. ശ്രീലേഖ, എസ്. സുമാദേവി, ജി. രാധാകൃഷ്ണൻ, മീര രാമകൃഷ്ണൻ, ബീന കല്യാണ്, സ്മിത ചന്ദ്രൻ, എസ്. പത്മകുമാരി, ശ്രീലേഖ കുറുപ്പ്, എ.കെ. ശ്രീനിവാസൻ, രേഖ ആർ. താങ്കൾ, എൻ.പി. ആശാദേവി തുടങ്ങിയവരാണ് മലയാളത്തിളക്ക പദ്ധതിയുടെ വിജയത്തിനായി നേതൃത്വം നൽകിയത്. സൗമ്യയുടെ ഇളയ സഹോദരങ്ങളായ അക്ഷയ മൂന്നാംക്ലാസിലും സുളക്ഷൻ ഒന്നാംക്ലാസിലും ചെറിയനാട് ഗവ. ജെബിഎസിൽ പഠിക്കുന്നു.