തലശേരി: മകളെ എലിവിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ പിണറായി പടന്നക്കരയിലെ വണ്ണാത്താൻ വീട്ടിൽ സൗമ്യയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയില്ല. ബുധനാഴ്ച കോടതിയിൽ ഈ ആവശ്യമുന്നയിച്ച് അപേക്ഷ നൽകാനായിരുന്നു നേരത്തെ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.
എന്നാൽ സൗമ്യയുടെ ഫോൺ വിദഗ്ദ പരിശോധനക്ക് കൈമാറിയ സൈബർ സെല്ലിൽ നിന്ന് പരിശോധനയുടെ റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിലാണ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാതിരുന്നത്. മാതാപിതാക്കളായ വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ, കമല എന്നിവരെ എലിവിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി കോടതി റിമാൻഡ് ചെയ്ത സൗമ്യ കണ്ണൂർവനിത ജയിലിലാണുള്ളത്.
അതിനിടെയാണ് മകൾ ഐശ്വര്യയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞത്. ഈ കേസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗമ്യയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മൊബൈൽ ഫോണിന്റെ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം സൗമ്യയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്ന് ടൗൺ സിഐ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു.