ചെറുതോണി/കൊച്ചി: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷി(32)ന്റെ സംസ്കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
ഇസ്രയേലില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ പ്രത്യേക വിമാനത്തിൽ ഡല്‍ഹിയിലും അവിടെനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വൈകുന്നേരം 5.30ന് കൊച്ചിയിലുമെത്തിച്ച മൃതദേഹം അവിടെനിന്ന് ആംബുലൻസിൽ രാത്രി 10ന് കീരിത്തോട്ടിലുള്ള വീട്ടിലെത്തിച്ചു.
കൊച്ചിയിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയപ്പോള്‍ വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണു വിമാനത്താവളം സാക്ഷിയായത്.
സൗമ്യയുടെ സഹോദരൻ സജേഷ്, ഭർതൃ സഹോദരി സോഫി മാത്യു, ഭർതൃസഹോദരീ പുത്രൻ ഡോൺക്രിസ്റ്റി മാത്യു, മറ്റു ബന്ധുക്കളായ ബെന്നി മാത്യു, അജേഷ്, സജി, വിപിൻ, അഭിലാഷ് എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു.
ഡീന്‍ കുര്യാക്കോസ് എംപി, പി.ടി. തോമസ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ഡല്‍ഹിയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്സ് റോണി യദിദിയയും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
സൗമ്യ ഹോം നഴ്സായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ ചൊവ്വാഴ്ച റോക്കറ്റ് പതിക്കുകയായിരുന്നു.
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കവേയാണ് റോക്കറ്റ് പതിച്ച് സൗമ്യ കൊല്ലപ്പെട്ടത്. 2017ലാണ് അവസാനമായി നാട്ടിൽ വന്നത്. ഏകമകൻ: മത്തായി എന്നു വിളിക്കുന്ന അഡോൺ.