നവാസ് മേത്തര്‍
തലശേരി: പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര് പ്രതിപട്ടികയിലേക്ക്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിഷോർ (എട്ട്) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് കൂടുതല്‍ പ്രതികൾ ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്.
കൊല്ലപ്പെട്ട കുഞ്ഞിക്കണ്ണന്- കമല ദമ്പതികളുടെ മകളും ഐശ്വര്യയുടെ മാതാവുമായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(27) ഈ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാൻഡിലാണുള്ളത്.കേസില്‍ കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച നിര്‍ണായക തെളിവുകളടങ്ങിയ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള 32 ജിബി പെന്‍ഡ്രൈവ് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് ലഭിക്കും.
സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്നും ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളുമുള്പ്പെടെയുള്ള 32 ജിബിയാണ് ഫോറന്‍സിക് ലാബില്‍ നിന്നും തലശേരിയിലേക്ക് അയച്ചിട്ടുള്ളത്. ഡിലീറ്റ് ചെയ്തതുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഒരു മാസത്തെ ശ്രമത്തിലൂടെയാണ് ഫോറന്‍സിക് സംഘം കണ്ടെടുത്തിട്ടുള്ളത്.
32 ജിബി വിവരങ്ങളും പോലീസ് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ ചിത്രം പുറത്തു വരുകയുള്ളൂ.ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിവരങ്ങള്‍ ഇന്ന് ലഭിക്കുമെന്നും ഇത് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാൻ സാധിക്കുകയുള്ളൂവെന്നും സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്നെയാണ് ഇപ്പോഴും സൗമ്യ കേസ് അന്വേഷിക്കുന്നതെന്നും എഎസ്പി ചൈത്ര തെരേസ ജോണ്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും എടുക്കും പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പരിശോധിച്ചു തീരാനെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കാമുകന്മാരായ നിരവധി പേരുടെ മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന സ്വകാര്യ സംഭാഷണങ്ങളുള്‍പ്പെടെ മൊബൈല്‍ ഫോണുകളില്‍ നിന്നും കണ്ടെടുത്തവയില്‍ പെടുന്നുണ്ട്. സൗമ്യയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന നിരവധി പേരെ പോലീസ് വീണ്ടും ചോദ്യം ചെയ്തുവരികയാണ്.
അയൽസംസ്ഥാനത്തെ ബാര്‍ മുതലാളി ഉള്‍പ്പെടെ ചിലരെ കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന കൂട്ടക്കൊലപാതക ക്കേസില്‍ വളരെ ആസൂത്രിതവും ശാസ്ത്രീയവുമായ അന്വേഷണവുമായിട്ടാണ് പോലീസ് മുന്നോട്ട് പോകുന്നത്. ജില്ലാ പോലീസ് ചീഫ് ശിവവിക്രം, എഎസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.
തലശേരി, മാഹി, പള്ളൂര്‍, വടക്കുമ്പാട്, ഇരിട്ടി, പറശിനിക്കടവ് എന്നിവിടങ്ങളിലെ നിരവധി യുവാക്കള്‍ സൗമ്യയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കേസില്‍ 55 സാക്ഷികളുടെ മൊഴികളാണ് പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുള്ളത്.
തലശേരി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ഏഴ് ആശുപത്രികളില്‍ നിന്നുള്ള ചികിത്സാ രേഖകളും 25 തൊണ്ടി മുതലുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ആശുപത്രികളിലെ ഡോക്ടര്‍മാരും ഈ കേസില്‍ സാക്ഷികളായിട്ടുണ്ട്.
തന്റെ അവിഹിതബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാല് പേര് ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് നാടിനെ ഞെട്ടിച്ചിരുന്നു.
കുടുംബത്തിലെ നാല് പേരും നാല് ആശുപത്രികളില്‍ വെച്ചാണ് മരണമടഞ്ഞതെന്നും നാല് പേര്‍ക്കും ആശുപത്രിയില്‍ കുട്ടിരിപ്പുകാരിയായി സൗമ്യ തന്നെയാണുണ്ടായിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ആസൂത്രിതമായി മാതാപിതാക്കളേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഛര്‍ദ്ദി അഭിനയിച്ച് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സൗമ്യയെ വിദഗ്ധമായ നീക്കത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സ തേടിയ സൗമ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പോലീസ് അവിടെ വനിതാ പോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തുകയും തെളിവുകളെല്ലാം ശേഖരിച്ച ശേഷം ഡിസ്ചാര്‍ജ് വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
തലശേരി ഗവ. റസ്റ്റ് ഹൗസില്‍ സൗമ്യയെ പത്ത് മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തെങ്കിലും മനസ് തുറക്കാതിരുന്ന സൗമ്യയെ പോലീസിനെ വട്ടം കറക്കിയിരുന്നു. എഎസ്പി ചൈത്ര തെരേസ ജോണ്‍,
കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്, സിഐ കെ.ഇ പ്രേമചന്ദ്രന് എന്നിവരുടെ ആസൂത്രിത നീക്കത്തിലാണ് ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.